പത്മജയെ രാഷ്ട്രീയമായി നേരിടാന്‍ കോണ്‍ഗ്രസ്; ദൗത്യം ഏറ്റെടുത്ത് മുരളി

kpcc-dcc
ഫയല്‍ചിത്രം
SHARE

കെ.മുരളീധരനെ മുൻനിർത്തി പത്മജ വേണുഗോപാലിനെ രാഷ്ട്രീയമായി നേരിടാൻ കോൺഗ്രസ്. വർക്ക് അറ്റ് ഹോമിലുള്ളവർക്ക് ഇത്രയൊക്കെ നൽകിയത് അധികമെന്ന് പ്രസ്താവനയിലൂടെ പാർട്ടി ദൗത്യം ഏറ്റെടുത്ത് കെ.മുരളീധരനും രംഗത്തിറങ്ങി. പത്മജയെ കോൺഗ്രസ്  ഒരിക്കലും തഴഞ്ഞിട്ടില്ലെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. 

കാവിക്കൂടാരത്തിലേക്കുള്ള പത്മജ വേണുഗോപാലിന്റെ പോക്കിനെ കെ.മുരളീധരന്റെ മൂർച്ചയുള്ള നാവ് കൊണ്ടാണ് കോൺഗ്രസ് നേരിടുന്നത്. പത്മജയ്ക്ക് അർഹമായ എല്ലാ പരിഗണനയും നൽകിയിട്ടുണ്ടെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. ഒരുതവണ പാർലമെന്റിലേക്കും രണ്ടുതവണ നിയമസഭയിലേക്കും മത്സരിക്കാൻ അവസരം നൽകിയതിന് പുറമേ അടുത്തിടെ നടന്ന പുനഃസംഘടനയിൽ രാഷ്ട്രീയകാര്യസമിതിയിലും ഉൾപ്പെടുത്തി. 

അതേസമയം, നേതൃത്വം ഏകപക്ഷീയമായി നടത്തിയെന്ന് ഗ്രൂപ്പുകൾ ആരോപിക്കുന്ന മണ്ഡലം പുനഃസംഘടനയെ െചാല്ലിയാണ് പത്മജ ഏറ്റവും ഒടുവിൽ നേതൃത്വവുമായി അകലുന്നത്. ഇക്കാര്യം ഇടഞ്ഞുനിൽക്കുന്ന ഗ്രൂപ്പുകൾ ആയുധമാക്കുന്നുണ്ട്. അകന്നുനിൽക്കുന്ന നേതാക്കളുമായി നേതൃത്വം കൂടുതൽ അകൽച്ച പാലിക്കുകയാണെന്നാണ് ഗ്രൂപ്പുകളുടെ വിമർശനം. ഇ.ഡി ഭയമാണ് പത്മജയുടെ പോക്കിന് പിന്നില്ലെന്ന് നേതാക്കളിൽ ചിലരുടെ പ്രസ്തവന തിരിച്ചടിയായിട്ടാണ് നേതൃത്വം കാണുന്നത്. ഇ.ഡി വിരട്ടിയാൽ മറ്റുള്ളവരും പോകുമെന്ന ധ്വനിയാണ് ഇത് നൽകുന്നത്. അനിൽ ആന്റണിക്ക് പിന്നാലെ പത്മജയും ബി.ജെ.പിയിലേക്ക് ചേക്കേറുമ്പോൾ രാഷ്ട്രീയമായി ഗുണം ചെയ്യുക ഇടതുപക്ഷത്തിനാണ്. അതിനെ നേരിടാനുള്ള തന്ത്രങ്ങൾ മെനയുകയാണ് ഇനിയുള്ള ദൗത്യം. 

Padmaja venugopal bjp congress k muraleedharan lok sabha election

MORE IN BREAKING NEWS
SHOW MORE