എന്‍സിപി കോണ്‍ഗ്രസില്‍ ലയിക്കുമെന്ന അഭ്യൂഹം; ആശങ്കയോടെ കേരളഘടകം; നേതൃയോഗം

കോണ്‍ഗ്രസില്‍ ലയിക്കുമെന്ന അഭ്യൂഹത്തെ തുടര്‍ന്ന് എന്‍.സി.പി കേരളഘടകം ആശങ്കയില്‍. ഇന്ന് കൊച്ചിയില്‍ ചേരുന്ന നേതൃയോഗം വിഷയം ചര്‍ച്ച ചെയ്യും. ലയനവാര്‍ത്ത അഭ്യൂഹം മാത്രമെന്നാണ് എന്‍.സി.പി സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്. ശരദ് പവാര്‍ കോണ്‍ഗ്രസിലേക്ക് എന്ന അഭ്യൂഹത്തെ എന്‍.സി.പിയുടെ കേരളത്തിലെ അണികള്‍ ഞെട്ടലോടെയാണ് കേട്ടത്. കേരളത്തില്‍ ഇടതുമുന്നണിയുടെ ഭാഗമായി ഭരണത്തിലിരിക്കുന്ന പാര്‍ട്ടി സംസ്ഥാനഘടകത്തിന് അങ്ങനെയൊരു തീരുമാനം അംഗീകരിക്കാനാവില്ല. അങ്ങനെ സംഭവിച്ചാല്‍ ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിച്ച് സ്വതന്ത്രരായി ഇടതുമുന്നണിയില്‍ തന്നെ തുടരാനുള്ള സാധ്യതയാകും കേരള നേതൃത്വം തേടുന്നത്. 

മറ്റേതെങ്കിലും പാര്‍ട്ടിയുമായുള്ള ലയനവും പരിഗണിച്ചേക്കാം. എന്നാല്‍ ഇതൊക്കെ സാങ്കല്‍പിക ചോദ്യങ്ങളും ഉത്തരങ്ങളുമാണെന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോ മനോരമ ന്യൂസിനോട് പറഞ്ഞു. എന്‍.സി.പി കോണ്‍ഗ്രസില്‍ ലയിക്കുമെന്ന വാര്‍ത്തയെ ശരദ് പവാറിന്‍റെ മകളും പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്‍റുമായ സുപ്രിയ സുളെ എം.പി തള്ളിക്കളഞ്ഞിട്ടുണ്ടെന്നും പി.സി ചാക്കോ ചൂണ്ടിക്കാണിക്കുന്നു. ഇന്ന് കൊച്ചിയില്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെയും വൈസ് പ്രസിഡന്‍റുമാരുടെയും യോഗം വിളിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗമെങ്കിലും ഈ വിഷയവും അതില്‍ ചര്‍ച്ചയാകും. 

Kerala NCP is worried after the rumor that it will merge with Congress