സഭയില്‍ എക്സോ ലോജിക് ഉന്നയിക്കുന്നത് തടയാന്‍ സ്പീക്കര്‍ ശ്രമിച്ചു: കുഴല്‍നാടന്‍

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട എക്സാലോജിക് മാസപ്പടി ആരോപണം നിയമസഭയിൽ ഉയർത്താനുള്ള പ്രതിപക്ഷ ശ്രമം വീണ്ടും തടഞ്ഞ് സ്പീക്കർ. എഴുതി നൽകിയ ആരോപണം ഉന്നയിക്കാൻ മാത്യു കുഴൽനാടൻ ശ്രമിച്ചെങ്കിലും സഭയുടെ വിശുദ്ധി കളയാൻ അനുവദിക്കില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. ഇതോടെ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ബജറ്റ് ചർച്ചയ്ക്കിടെയാണ് മാത്യു കുഴൽനാടൻ എക്സാലോജിക് വിവാദം സഭയിലെത്തിക്കാൻ ശ്രമിച്ചത്. രേഖകൾ സഹിതം സ്പീക്കർക്ക് എഴുതി നൽകിക്കൊണ്ടായിരുന്നു നീക്കം. സ്പീക്കർ തടഞ്ഞതോടെ രമേശ് ചെന്നിത്തല ഇടപെട്ടെങ്കിലും ചട്ടം ഉദ്ധരിച്ചായിരുന്നു സ്പീക്കറുടെ പ്രതിരോധം. നേരത്തെ വിഷയത്തിൽ അടിയന്തരമപ്രമേയ നോട്ടിസ് നൽകിയപ്പോഴും കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ തടഞ്ഞിരുന്നു. രേഖകൾ നൽകിയിട്ടും വിഷയം അവതരിപ്പിക്കാൻ അനുവദിക്കാത്ത സ്പീക്കറാണ് ഒരു രേഖയുമില്ലാതെ പ്രതിപക്ഷ നേതാവിനെതിരെ 150 കോടിയുടെ അഴിമതി ആരോപണം ഉന്നയിക്കാൻ പി.വി.അൻവറിന് അനുമതി നൽകിയതെന്ന് മാത്യു പിന്നീട് വാർത്താസമ്മേളനത്തിൽ പരിഹസിച്ചു.  

എക്സാലോജിക് സഭയിൽ കൊണ്ടുവരുന്നതിനെ ഭരണപക്ഷം എല്ലാ കരുത്തും ഉപയോഗിച്ച് തടയുമ്പോൾ സഭയ്ക്ക് പുറത്ത് വിഷയം കത്തിച്ചുനിർത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.