‘അമ്മച്ചി റോഡില്‍ കുത്തിയിരുന്നത് റിപ്പോര്‍ട്ട് ചെയ്തിട്ട് കാര്യമില്ല; പെന്‍ഷന്‍ കൊടുക്കാന്‍ പണം വേണ്ടേ’

ക്ഷേമ പെന്‍ഷന്‍ കൊടുക്കാന്‍ പണം വേണ്ടേയെന്ന് മന്ത്രി സജി ചെറിയാന്‍.  അമ്മച്ചി റോഡില്‍ കുത്തിയിരുന്നത് റിപ്പോര്‍ട്ട് ചെയ്തിട്ട് കാര്യമില്ല. കൊടുക്കാന്‍ പണം വേണ്ടേയെന്ന് മന്ത്രി കൊച്ചിയില്‍ ചോദിച്ചു. ഇടുക്കി അടിമാലിയിൽ ക്ഷേമ പെൻഷൻ മുടങ്ങിയതോടെ ദയാവധത്തിന് തയാറെന്ന് ബോർഡ് സ്ഥാപിച്ച് വൃദ്ധ ദാമ്പതികൾ പ്രതിഷേധിച്ചതിനോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. 

അമ്പലത്തറയിലെ പെട്ടിക്കടയ്ക്ക് മുന്‍പിലാണ് ദമ്പതികള്‍ ബോർഡ് സ്ഥാപിച്ചത്. ബോർഡ് മാറ്റണമെന്ന സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം വൃദ്ധദമ്പതികൾ തള്ളി . പെട്ടിക്കടയിലാണ് 72 വയസുകാരൻ ശിവദാസും ഭാര്യ ഓമനയും കഴിയുന്നത്. ക്ഷേമ പെൻഷനും കടയിലെ തുച്ഛവരുമാനവുമായിരുന്നു ആകെയുള്ള ആശ്വാസം. അഞ്ച് മാസമായി ക്ഷേമ പെൻഷൻ മുടങ്ങിയതോടെ കച്ചവടത്തിന് സാധനങ്ങൾ വാങ്ങാൻ കഴിയാതെയായി. ഇതോടെ മരുന്ന് വാങ്ങാൻ പോലും പണമില്ലാതെ ജീവിതം  വഴിമുട്ടിയ  അവസ്ഥയിലാണ് ദമ്പതികൾ

കുളമാൻകുഴി ആദിവാസി കോളനിയിലെ കൃഷി കാട്ടാന നശിപ്പിച്ചതോടെയാണ് പഞ്ചായത്ത്‌ അനുവദിച്ചു നൽകിയ പെട്ടിക്കടയിൽ ഇരുവരും താമസമാക്കിയത്. ദയാവധത്തിന് തയാറാണെന്ന ബോർഡ് സ്ഥാപിച്ചതോടെ 1000 രൂപ സഹായം നൽകി ബോർഡ് മാറ്റണമെന്ന ആവശ്യവുമായി സിപിഎം പ്രാദേശിക നേതൃത്വം രംഗത്തെത്തി

ദമ്പതികൾക്ക് പെൻഷൻ ലഭിക്കുന്നത് വരെ 1600 രൂപ എല്ലാ മാസവും നൽകാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം. ദമ്പതികളെ സമീപിച്ച ബിജെപി ജില്ലാ നേതൃത്വം ഭക്ഷ്യ കിറ്റും ഒരു മാസത്തെ പെൻഷൻ തുകയും നൽകി. പെൻഷൻ ലഭിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് വൃദ്ധ ദമ്പതികളുടെ തീരുമാനം