ഹജ്: കരിപ്പൂരില്‍ നിന്നുള്ള യാത്രാനിരക്ക് കുറയ്ക്കുമെന്ന് കേന്ദ്രം

കരിപ്പുരില്‍ നിന്നുള്ള ഹജ് യാത്രാ നിരക്ക് കുറയ്ക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി സ്മൃതി ഇറാനി മുസ്‍ലിം ലീഗ് എംപിമാര്‍ക്ക് ഉറപ്പ് നല്‍കി. ടിക്കറ്റിന് നാല്‍പതിനായിരം രൂപ കുറയ്ക്കാമെന്ന് ന്യൂനപക്ഷകാര്യമന്ത്രിയുടെ ഒാഫീസ് എംപിമാരെ അറിയിച്ചു. ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിനും സംസ്ഥാന ഹജ്ജ് കമ്മറ്റിക്കും ഇടപെടാമെന്നും ന്യൂനപക്ഷകാര്യമന്ത്രി വ്യക്തമാക്കി.

കരിപ്പുരില്‍ നിന്നുള്ള ഹജ് വിമാന ടിക്കറ്റ് നിരക്ക് മറ്റ് വിമാനത്താവളങ്ങളില്‍ ഈടാക്കുന്നതിന് സമാനമായ രീതിയില്‍ ഏകീകരിക്കണമെന്ന് മുസ്ലിംലീഗ് എംപിമാര്‍ ന്യൂനപക്ഷകാര്യമന്ത്രി സ്മൃതി ഇറാനിക്ക് നിവേദനം നല്‍കി. റീ ടെന്‍ഡറിങ് നടത്തിയോ, വിമാനക്കമ്പനികളെ മാറ്റി നിശ്ചയിച്ചോ ടിക്കറ്റ് നിരക്കിലെ അപാകത പരിഹരിക്കണമെന്നും എംപിമാര്‍ അഭ്യര്‍ഥിച്ചു. കൊച്ചിയിലെയും കണ്ണൂരിലെയും എംബാര്‍ക്കേഷന്‍ പോയിന്‍റുകളില്‍ നിന്ന് ഈടാക്കുന്നതിനേക്കാള്‍ എണ്‍പതിനായിരം രൂപ കൂടുതലാണ് ഈടാക്കുന്നതെന്ന് എംപിമാര്‍ ചൂണ്ടിക്കാട്ടി. 

വിമാനക്കമ്പനികളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തനിക്ക് പരിമിതിയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കേരള ഹജ് കമ്മിറ്റിക്കും സംസ്ഥാന സര്‍ക്കാരിനും നിരക്ക് കുറയ്ക്കാന്‍ ഇടപെടാവുന്നതാണ്. ഇതിനായി മുഖ്യമന്ത്രിക്കും കേരള ഹജ് കമ്മിറ്റി ചെയര്‍മാനും സന്ദേശം നല്‍കി. ഇവരുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. കരിപ്പുരില്‍ നിന്ന് ഈടാക്കുന്ന തുകയില്‍ നാല്‍പതിനായിരം രൂപ കുറയ്ക്കാമെന്ന് മന്ത്രിയുടെ ഒാഫീസ് അറിയിച്ചു.  ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിയും ന്യൂനപക്ഷകാര്യമന്ത്രാലയത്തിന് നിവേദനം നല്‍കി.

Haj: Center to reduce fares from Karipur Airport