ഷഹനയുടെ മരണം; പ്രതികള്‍ക്ക് വിവരം ചോര്‍ത്തി നല്‍കി; പൊലീസുകാരനെതിരെ നടപടിക്ക് ശുപാര്‍ശ

തിരുവനന്തപുരം തിരുവല്ലത്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ നവാസിനെതിരെ നടപടിക്ക് ശുപാര്‍ശ. കേസില്‍ പ്രതികളായ ഭര്‍തൃവീട്ടുകാര്‍ക്ക് പൊലീസിന്റെ നീക്കങ്ങള്‍ നവാസ് ചോര്‍ത്തി നല്‍കിയതായി കണ്ടെത്തി. ഇതിന് പിന്നാലെ പ്രതികള്‍ സംസ്ഥാനം വിട്ടു. മരിച്ച ഷഹനയുടെ ഭര്‍ത്താവിന്റെ ബന്ധുവാണ് സി.പി.ഒ നവാസ്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചിരുന്നു. മൂന്ന് വര്‍ഷം മുന്‍പ് 75 പവന്‍ സ്വര്‍ണാഭരണങ്ങള്‍ സ്ത്രീധനമായി നല്‍കിയാണ് ഷഹനെ നൗഫലിന് വിവാഹം കഴിച്ചു നല്‍കിയത്. മൂന്ന് മാസം മുമ്പ് ഭര്‍തൃ മാതാവ് ശാരീരികമായി ഉപദ്രവിച്ചതിനെ തുടര്‍ന്ന് ഷഹന രണ്ട് വയസ്സുള്ള കുഞ്ഞുമായി സ്വന്തം വീട്ടില്‍ വന്ന് താമസം തുടങ്ങി. സഹോദരന്‍റെ കുഞ്ഞിന്‍റെ ജന്മദിന ആഘോഷത്തില്‍ പങ്കെടുക്കുന്നതിന് ഷഹനയെയും കുഞ്ഞിനെയും കൊണ്ട് പോകാന്‍ ഭര്‍ത്താവ് ഇന്നലെ വന്നു. പോകാന്‍ ഷഹന വിസമ്മതിച്ചു. തുടര്‍ന്ന്, ഭര്‍ത്താവ് കുഞ്ഞിനെ ബലം പ്രയോഗിച്ച് കൊണ്ട് പോയി. പിന്നാലെയായിരുന്നു ആത്മഹത്യ.