സുരക്ഷയില്‍ രാഷ്ട്രീയം കളിക്കരുതെന്ന് സ്പീക്കര്‍; പാര്‍ലമെന്‍റ് ഇന്നും തടസപ്പെട്ടു

പാര്‍ലമെന്‍റിലെ പുകയാക്രമണത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തണമെന്ന പ്രതിപക്ഷ ആവശ്യത്തിന് വഴങ്ങാതെ ലോക്സഭാ സ്പീക്കര്‍. കാര്യങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് സ്പീക്കര്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ചു. പ്രതിഷേധത്തില്‍ മുങ്ങി ഇരുസഭകളും ഇന്നും തട‌സപ്പെട്ടു. എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് അഭ്യര്‍ഥിച്ച് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി സ്പീക്കര്‍ക്ക് കത്ത് നല്‍കി.  

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പുകയാക്രമണത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. എന്നാല്‍ സഭയില്‍ എന്തുകൊണ്ട് പ്രസ്താവന നടത്തുന്നില്ലെന്ന് പ്രതിപക്ഷം ചോദിക്കുന്നു. പ്രതിഷേധമുയര്‍ത്തിയ പ്രതിപക്ഷം ഇരുസഭകളിലും മുദ്രാവാക്യം വിളിച്ചു. പുകയാക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നതതല സമിതിയും സുരക്ഷാക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാരസമിതിയും രൂപീകരിച്ചിട്ടുണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു. അംഗങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതില്‍ വ്യക്തിപരമായി ദുഃഖമുണ്ടെന്നും എന്നാല്‍ പാര്‍ലമെന്‍റിന്‍റെ സുരക്ഷ ലോക്സഭാ സെക്രട്ടറിയറ്റിന്‍റെ ഉത്തരവാദിത്തമാണെന്നും സ്പീക്കര്‍ വ്യക്തമാക്കി. 

സഭയ്ക്ക് അകത്ത് പ്ലക്കാര്‍ഡ് കൊണ്ടുവരില്ലെന്ന കാര്യോപദേശക സമിതിയിലെ ധാരണ പ്രതിപക്ഷം ലംഘിച്ചുവെന്ന് പാര്‍ലമെന്‍ററികാര്യമന്ത്രി പ്രള്‍ഹാദ് ജോഷി കുറ്റപ്പെടുത്തി. എന്നാല്‍ പാര്‍ലമെന്‍റിനെ പ്രധാനമന്ത്രി അവഹേളിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ ഇന്നും പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ മുഖ്യകവാടത്തില്‍ പ്രതിഷേധിച്ചു. 

Opposition protest in both houses over security breach