‘രാഹുല്‍ മല്‍സരിക്കേണ്ടത് ബിജെപി ശക്തികേന്ദ്രത്തില്‍’: ആവശ്യവുമായി ഡി.രാജ

ബിജെപി ശക്തികേന്ദ്രങ്ങളില്‍ നിന്ന് മാറി രാഹുല്‍ ഗാന്ധി  വയനാട്ടില്‍ മല്‍സരിക്കരുതെന്ന നിലപാട് സൂചിപ്പിച്ച് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ രംഗത്തെത്തി. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള മതേതര പാര്‍ട്ടികള്‍  പരാജയത്തില്‍  ആത്മപരിശോധന നടത്തണമെന്നും ഇന്ത്യ മുന്നണിയിലെ  പാര്‍ട്ടികള്‍ക്കിടിയില്‍  പരസ്പര വിശ്വാസം ഉണ്ടാവണമെന്നും ഡി രാജ മനോരമ ന്യൂസിനോട് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തില്‍ ഇന്ത്യമുന്നണിയില്‍ അതൃപ്തി പുകയുന്നതിനിടെയാണ് രാജയുടെ പ്രതികരണം.

ഇന്ത്യ സഖ്യത്തെ നോക്കുകുത്തിയാക്കി ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ് മല്‍സരിക്കാനിറങ്ങിയതിലുള്ള അതൃപ്തി തിരഞ്ഞെടുപ്പ് ഫലത്തോടെ കൂടുതല്‍ പ്രകടമാവുകയാണ്. ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍ മല്‍സരിക്കാതെ രാഹുല്‍ വയനാട് മല്‍സരിക്കുന്നത് തിരിച്ചടിയുണ്ടാക്കുന്നുവെന്ന  വികാരം പ്രതിപക്ഷ പാര്‍ട്ടികളില്‍ പ്രകടമാണ്.  ഇതിനിടെയാണ് ജനങ്ങളുടെയും പാര്‍ട്ടികളുടെയും വികാരത്തിലൂന്നി രാജ നിലപാട് പറഞ്ഞത്.

ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങണമെങ്കില്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള മതേതര പാര്‍ട്ടികള്‍  പരാജയത്തില്‍  നിന്ന് പാഠം പഠിക്കണമെന്നും ആത്മപരിശോധന നടത്തണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ . ഇന്ത്യ മുന്നണിയിലെ സീറ്റ് പങ്കിടലില്‍ ഒത്തുതീര്‍പ്പുകള്‍ വേണമെന്നും പാര്‍ട്ടികള്‍ യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങളെ സമീപിക്കണമെന്നും ഡി രാജ പറഞ്ഞു. ഇന്ത്യ മുന്നണി യോഗം  രണ്ടു ദിവസത്തിനകം ചേരാനിരിക്കെയാണ് പ്രധാനപാര്‍ട്ടകളിലൊന്നായ സിപിഐയുടെ അമര്‍ഷം പരസ്യമാക്കുന്നത്.