സഭയിലെ അശ്ലീല ആംഗ്യം, സ്ത്രീ വിരുദ്ധത: മാപ്പു പറഞ്ഞ് നിതീഷ് കുമാര്‍

നിയമസഭയില്‍ നടത്തിയ അശ്ലീല പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ജാതി സെന്‍സസ് സഭയില്‍ അവതരിപ്പിക്കുമ്പോഴാണ്  മുഖ്യമന്ത്രി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്.  ദേശീയവനിതാ കമ്മിഷനും ബിജെപിയും നിതീഷിന്‍റെ പരാമര്‍ശത്തെ ശക്തമായി വിമര്‍ശിച്ചു. ജാതി സെന്‍സസ് റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിക്കുമ്പോഴായിരുന്നു ജനസംഖ്യനിയന്ത്രണത്തെക്കുറിച്ചുള്ള നിതീഷ് കുമാറിന്‍റെ പരിധിവിട്ട പരാമര്‍ശങ്ങള്‍. 

വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ ഗര്‍ഭധാരണം ഒഴിവാക്കേണ്ടത് എങ്ങനെയെന്ന് തികഞ്ഞ അശ്ലീലച്ചുവയോടെ മുഖ്യമന്ത്രി കത്തിക്കയറിയപ്പോള്‍ ഭരണകക്ഷിയിലെ പുരുഷ അംഗങ്ങള്‍ ആസ്വദിച്ച് ചിരിച്ചു.  മന്ത്രിമാരടക്കം വനിതാഅംഗങ്ങള്‍  അപമാനിതരായി കേട്ടിരുന്നു. പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു. നിയമസഭയ്ക്കുള്ളില്‍ സ്ത്രീകളെപ്പറ്റി ഒരു മുഖ്യമന്ത്രി ഉപയോഗിക്കുന്ന ഭാഷ ഇതാണെങ്കില്‍ സാധാരണ പുരുഷന്‍മാര്‍ എന്തെല്ലാം പറയുമെന്നായിരുന്നു ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ ഇതിനോട് പ്രതികരിച്ചത്. നേതാക്കന്‍മാര്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് വനിതാകമ്മിഷന്‍ സ്വരം കടുപ്പിച്ചു. ഇതെത്തുടര്‍ന്നാണ് തന്‍റെ പരാമര്‍ശം പിന്‍വലിക്കുന്നതായി നിതീഷ് കുമാര്‍ വ്യക്തമാക്കിയത്. ബിഹാറില്‍ ജാതി സംവരണം 50 ശതമാനത്തില്‍നിന്ന് 65 ശതമാനമായി ഉയര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക സംവരണത്തിന്‍റെ 10 ശതമാനം കൂടിയാകുമ്പോള്‍ ബിഹാറിലെ ആകെ സംവരണം 75 ശതമാനമായി ഉയരും. 

Nitish Kumar apologises for population control remarks after backlash