മൂന്നാറില്‍ വീണ്ടും ഒഴിപ്പിക്കല്‍; ചിന്നക്കനാലില്‍ 2.2 ഏക്കര്‍ ഭൂമി ഏറ്റെടുത്തു

ഇടുക്കി ചിന്നക്കനാലിൽ ദൗത്യ സംഘം വീണ്ടും കയ്യേറ്റം ഒഴിപ്പിച്ചു. സിമന്റു പാലത്തിനു സമീപം രണ്ടേക്കർ ഇരുപത് സെന്റ് കൃഷി ഭൂമിയാണ് ഒഴിപ്പിച്ചത്. ഇടുക്കി സബ് കലക്ടർ അരുൺ എസ് നായരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് സർക്കാർ ബോർഡ് സ്ഥാപിച്ചു. ചിന്നക്കനാൽ സിമന്റു പാലത്തിനു സമീപം അടിമാലി സ്വദേശി ജോസ് ജോസഫ് ഏല കൃഷി നടത്തിയിരുന്ന സ്ഥലമാണ് റവന്യൂ സംഘം തിരിച്ചു പിടിച്ചത്. പുറമ്പോക്കും ആനയിറങ്കൽ ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയിലുള്ള കെഎസ്ഇബി ഭൂമിയും കയ്യേറിയാണ് കൃഷി നടത്തിയിരുന്നത്. താമസിക്കാൻ ഷെ‍ഡും നിർമ്മിച്ചിരുന്നു. ഒഴിഞ്ഞ പോകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയതിനെ തുടർന്ന് ഇവർ ജില്ല കളക്ടർക്കടക്കം അപ്പീൽ നൽകിയിരുന്നു. ഇത് തള്ളിയതിനെ തുടർന്നാണ് ഇന്ന് രാവിലെ ഒഴിപ്പിക്കൽ നടത്തിയത്.

സ്ഥലത്ത് നിന്നും 30 ദിവസത്തിനകം ഒഴിഞ്ഞ് പോകണമെന്നാണ് നിർദേശം. അതേ സമയം വൻകിടക്കാരെ ഒഴിവാക്കി ചെറുകിടക്കാരെ മാത്രം ഒഴിപ്പിക്കുന്നതിനെതിരെ മേഖലയിൽ പ്രതിഷേധം ശ്കതമാകുകയാണ്. രണ്ടാഴ്ചക്കിടെ ഉടുമ്പൻചോല, ദേവികുളം എന്നീ താലൂക്കുകളിലെ 231.96 ഏക്കർ കയ്യേറ്റ ഭൂമിയാണ് റവന്യൂ വകുപ്പ് ഒഴിപ്പിച്ചത്. വരും ദിവസങ്ങളിലും നടപടി തുടരാനാണ് ദൗത്യ സംഘത്തിൻറെ തീരുമാനം.

Anti-encroachment drive begins in Munnar

 വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.