‘കാതല്‍’ അടക്കം 7 മലയാള ചിത്രങ്ങള്‍ പനോരമയില്‍; ‘ആട്ടം’ ഉദ്ഘാടനചിത്രം

54 മത് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാള സിനിമ ആട്ടം ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടനച്ചിത്രം. ഏഴ് മലയാള സിനിമകളാണ് ഇന്ത്യന്‍ പനോരമയില്‍ ഇടം പിടിച്ചത്. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് ശ്രീ രുദ്രവും പനോരമയിലുണ്ട്. വിവാദമായ ദ് കേരള സ്റ്റോറിയും പനോരമയില്‍ ഇടം പിടിച്ച സിനിമകളുടെ കൂട്ടത്തിലുണ്ട്. 

ഗോവയില്‍ നടക്കുന്ന 54മത് രാജ്യാന്തര ചലച്ചിത്ര മേളയിലെ ഇന്ത്യന്‍ പനോരമയുടെ ആദ്യ പ്രദര്‍ശനം ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടം എന്ന സിനിമയോടെ. വിനയ് ഫോര്‍ട്ട്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവര്‍ അഭിനയിച്ച ആട്ടം ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഒാഫ് ലോസാഞ്ചലസില്‍ മികച്ച ചിത്രത്തിനുള്ള ഗ്രാന്‍ഡ് ജൂറി അവാര്‍ഡിന് അര്‍ഹമായതാണ്. ഇരട്ട, കാതല്‍, മാളികപ്പുറം, ന്നാ താന്‍ കേസ് കൊട്, പൂക്കാലം എന്നീ സിനിമകള്‍ പനോരമയിലുണ്ട്. മുഖ്യധാര സിനിമ വിഭാഗത്തില്‍ 2018 – എവ്‍രിവണ്‍ ഈസ് എ ഹീറോ പനോരമയില്‍ ഇടം പിടിച്ചു. 

കാന്താര, വാക്സീന്‍ വാര്‍, വിടുതലൈ ഒന്നാം ഭാഗം എന്നിവയും പനോരമയില്‍ ഉള്‍പ്പെട്ടു. മുഖ്യധാര വിഭാഗത്തില്‍ ദ് കേരള സ്റ്റോറിക്ക് പുറമേ പൊന്നിയില്‍ സെല്‍വന്‍ രണ്ടാം ഭാഗം അടക്കം അഞ്ച് സിനിമകളുണ്ട്. 408 സിനിമകളില്‍ നിന്ന് സംവിധായകന്‍ ടി.എസ് നാഗാഭരണ അധ്യക്ഷനായ ജൂറിയാണ് സിനിമകള്‍ തിരഞ്ഞെടുത്തത്. ആനന്ദ ജ്യോതി സംവിധാനം ചെയ്ത മലയാള ചിത്രം ശ്രീ രുദ്രം ഉള്‍പ്പെടെ 20 ചിത്രങ്ങളാണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ പനോരമയിലുള്ളത്. നവംബര്‍ 20 മുതല്‍ 28വരെയാണ് 54മത് രാജ്യാന്തര ചലച്ചിത്ര മേള. 

 7  Malayalam films selected in Indian panorama, IFFI 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ