മില്‍മയിലേക്ക് പാലെത്തിച്ചതില്‍ വന്‍ ക്രമക്കേട്; കരാറുകാരന് 46 ലക്ഷം അധികം നല്‍കി

മില്‍മ തിരുവനന്തപുരം മേഖലാ യൂണിയനിലേക്ക് മഹാരാഷ്ട്രയില്‍ നിന്നു പാലെത്തിക്കുന്നതിന് അധിക നിരക്ക് നല്‍കിയതു വഴി 46 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. പാലെത്തിക്കുന്നതിനായുള്ള വാഹനക്കരാര്‍ നിലവിലെ നിരക്കില്‍ നിന്നു ഉയര്‍ന്ന തുകയ്ക്കു നല്‍കിയതാണ് നഷ്ടത്തിനിടയാക്കിയതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മനോരമന്യൂസിന് ലഭിച്ചു.

മഹാരാഷ്ട്രയിലെ സോനായി ഡയറിയില്‍ നിന്നും പാലെത്തിക്കുന്നതിനായി കിലോമീറ്ററിന് 60 രൂപ നിരക്കിലാണ് 'ഓം സായി ലോജിസ്ററികി'ന് കരാര്‍ നല്‍കിയത്. 2022 ഒക്ടോബര്‍ 23മുതല്‍ 2023 മാര്‍ച് 25 വരെ നടത്തിയ 155 ട്രിപ്പുകളില്‍ 46 ലക്ഷത്തി പതിനെണ്ണായിരത്തി തൊള്ളായിരത്തി ഇരുപതു രൂപ അധികം ചെലവഴിച്ചു. കരാറുകാരന്‍ 52 രൂപയ്ക്ക് മലബാര്‍ യൂണിയനിലടക്കം പാലെത്തിക്കുമ്പോഴാണ് തിരുവനന്തപുരം യൂണിയന്‍ കൂടുതല്‍ തുക നല്‍കിയത്. ഗൂഗിള്‍ മാപ്പ് പ്രകാരം സോനായി ഡയറിയിലേക്ക് 1481 കിലോമീറ്ററായിരിക്കെ 3066 കിലോമീറ്ററെന്നു രേഖപ്പെടുത്തിയും അധിക തുക നല്‍കിയതായും ഓഡിറ്റില്‍ കണ്ടെത്തി.

ഒരു കോടി 88 ലക്ഷത്തി ഇരുപത്തിനാലായിരത്തി ഇരുനൂറ്റി എണ്‍പതു രൂപ ചെലവിട്ട് വാങ്ങിയ ഐസ്ക്രീം ഫില്ലിങ്ങ് ,പാക്കിങ്ങ് മെഷീന്‍ ആറു മാസം പിന്നിടുമുന്‍പ് പ്രവര്‍ത്തന രഹിതമായി. എന്നാല്‍ ഐസ്ക്രീം മെഷീന്‍ വാങ്ങിയത്  എല്ലാ ടെണ്ടര്‍ നപടികളും പാലിച്ചാണെന്നുമാണ്അഡ്മിനിസട്രേറ്റീവ് ചെയര്‍മാന്‍ എന്‍. ഭാസുരാംഗന്റെ വിശദീകരണം. അധിക തുക ഈടാക്കിയ കമ്പനിയില്‍ നിന്നു ഓംസായി ലോജിസ്റ്റികില്‍ നിന്നും പണം ഈടാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ക്രമക്കേട് കണ്ടെത്തിയ കണ്ടല സഹകരണ ബാങ്കിലെ പ്രസിഡന്റായിരുന്നു ഭാസുരാംഗന്‍.

large scale irregularity found in trivandrum milma zonal union; Audit report

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.