‘അധീറിനെ പുറത്താക്കിയതെന്തിന്?’ കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ ലോക്സഭ തടസപ്പെട്ടു

കോണ്‍ഗ്രസ് ലോക്സഭാകക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെ സസ്പെന്‍ഡ് ചെയ്തതിനെച്ചൊല്ലി പാര്‍ലമെന്റില്‍ വന്‍ പ്രതിഷേധം. ഇരുസഭകളും ചേര്‍ന്നപ്പോള്‍ത്തന്നെ കോണ്‍ഗ്രസ് വിഷയം ഉന്നയിച്ചു. 'നീരവ് മോദി'യെന്ന പേര് പറഞ്ഞിന്റെ പേരിലാണ് അധീര്‍ രഞ്ജനെ സസ്പെന്‍ഡ് ചെയ്തതെന്ന് രാജ്യസഭയില്‍ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ ഖര്‍ഗെ ആരോപിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭ പന്ത്രണ്ടുമണിവരെ നിര്‍ത്തിവച്ചു. 

അടിയന്തരപ്രമേയത്തിന്മേലുള്ള ചര്‍ച്ചയ്ക്കിടെ അധീര്‍ രഞ്ജന്‍ ചൗധരി പ്രധാനമന്ത്രിയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷിയാണ് സസ്പെന്‍ഷന്‍ പ്രമേയം കൊണ്ടുവന്നത്. സസ്പെന്‍ഷന്‍ ഭരണഘടനാവിരുദ്ധവും ദൗര്‍ഭാഗ്യകരവുമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. പ്രധാനമന്ത്രിയെ അപമാനിച്ചിട്ടില്ലെന്നും മണിപ്പുരിലെ മൗനത്തെയാണ് വിമര്‍ശിച്ചതെന്നുമായിരുന്നു അധീര്‍ രഞ്ജന്‍ ചൗധരിയുടെ വിശദീകരണം. വര്‍ഷകാലസമ്മേളനം പൂര്‍ത്തിയാക്കി ഇരുസഭകളും ഇന്ന് പിരിയും.

Lok Sabha adjourned till 12 pm