ജോലി ലഭിക്കാത്തതിന് കാരണം സീനിയർ താരങ്ങള്‍; ഷറഫലിക്കെതിരെ റിനോയും അനസും

സംസ്ഥാന സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി രാജ്യാന്തര ഫുട്ബോള്‍താരങ്ങളായ അനസ് എടത്തൊടികയും, റിനോ ആന്റോയും. തങ്ങള്‍ക്ക് അര്‍ഹിച്ച ജോലി ലഭിക്കാത്തതിന് യു.ഷറഫലി നല്‍കുന്ന ന്യായം വസ്തുതാവിരുദ്ധം. ജോലിക്ക് തടസ്സം നില്‍ക്കുന്നത് സീനിയര്‍ താരങ്ങള്‍ തന്നെയാണെന്നും റിനോ ആന്റോ ഫേസ് ബുക്കില്‍ കുറിച്ചു. 2014- 19വര്‍ഷത്തില്‍ ഫുട്ബോളില്‍ നിന്ന് പട്ടികയില്‍ ഇടം പിടിക്കാന്‍ ഏറ്റവും അര്‍ഹരായ രണ്ടുപേരാണ്  അനസും, റിനോയും. ഇത് ഇനിയും പരിഗണിക്കാതെ, അവഗണനതുടരുന്ന സാഹചര്യത്തിലാണ് ഇരുവരും സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്റിനും നിയമനത്തിലെ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍‌ക്കും എതിരെ ശക്തമായ വിമര്‍ശനമുന്നയിച്ചത്. ഷറഫലിയുടെ നടപടി സര്‍ക്കാരിന് നാണക്കേടാണ്. 2015–19 കാലത്ത് ഫുട്ബോളില്‍ തങ്ങളെക്കാള്‍ മികച്ചവരുണ്ടെങ്കില്‍ അവര്‍ക്ക് ജോലി നല്‍കണമെന്നും റിനോ ആന്റോ ഫേയ്സ് ബുക്കില്‍ കുറിച്ചിട്ടുണ്ട്.

കൗണ്‍സില്‍ പ്രസിഡന്റ് തെറ്റുതിരുത്തണമെന്നാവശ്യപ്പെട്ട റിനോയും, അനസും ഷറഫലി ഒരു ഫുട്ബോള്‍ കളിക്കാരനായിരുന്നുവെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ഓര്‍മിപ്പിക്കുന്നു. 2014- 19വര്‍ഷത്തിലെ കായികനിയമനത്തിന് ഇരുവരും അപേക്ഷ നല്‍കിയെങ്കിലും ഇരുവരുടെയും അപേക്ഷ തള്ളുകയായിരുന്നു.  കിട്ടാത്ത അവസരങ്ങള്‍ മറ്റുള്ളവര്‍ക്ക് കിട്ടുമ്പോഴുള്ള അസൂയയാണ് ഷറഫലിയെപ്പോലുള്ളവര്‍ക്കെന്നും റിനോ ആന്റോയുടെ പോസ്റ്റിലുണ്ട്. കളിക്കാര്‍ക്ക് പിന്തുണയും, കൗണ്‍സില്‍ പ്രസിഡന്റിനും, സര്‍ക്കാരിനും, കായിക വകുപ്പിനും ഉള്ള വിമര്‍ശനങ്ങളാണ് പോസ്റ്റിലെ കമന്റുകളില്‍ ഏറെയും.

Senior players interventions are the reasons for not getting jobs; Football stars against Sharafali