ഹണി ട്രാപ്പല്ല; എല്ലാം ചെയ്തത് ഷിബിലിയും ആഷിഖും: ഫര്‍ഹാന

കോഴിക്കോട്ടെ ഹോട്ടലുടമയുടെ കൊലപാതക കാരണം ഹണിട്രാപ്പല്ലെന്ന് പ്രതി ഫര്‍ഹാന. താന്‍ ആരെയും കൊന്നിട്ടില്ല. എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേര്‍ന്നാണെന്നും ഫര്‍ഹാന പറഞ്ഞു.  ചളവറയിലെ വീട്ടിലെ തെളിവെടുപ്പിനിടെയാണ് ഫര്‍ഹാനയുടെ പ്രതികരണം. 

അതേസമയം, ഹോട്ടൽ ഉടമ സിദ്ദീഖിന്‍റെ കൊലപാതകത്തിൽ പൊലീസിന് വഴിത്തിരിവായത് ഫർഹാനയുടെ ഫോൺവിളി. പ്രതികള്‍ക്കെതിരെയുളള ഡിജിറ്റല്‍ തെളിവുകള്‍ കൂടി പരമാവധി ശേഖരിക്കാനുളള പരിശ്രമത്തിലാണ് അന്വേഷണസംഘം. കോഴിക്കോട് ഡികാസ ഇന്‍ ഹോട്ടലിലെ ജി 4 മുറിയില്‍ വച്ച് സിദ്ദീഖിനെ കൊലപ്പെടുത്തിയതിന് പിന്നാലെ പരമാവധി തെളിവുകള്‍ നശിപ്പിക്കാന്‍ കൂടി 3 പ്രതികളും ശ്രമിച്ചു. ചെന്നൈയിലേക്ക് പുറപ്പെടും മുന്‍പെ എല്ലാവരുടേയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഒാഫ് ചെയ്തു. കൊലപാതക വിവരം അറിഞ്ഞ പൊലീസ് ഷിബിലിക്കൊപ്പം അങ്ങാടിപ്പുറത്തെ ഹോട്ടലില്‍ ജോലി ചെയ്ത അസംകാരന്‍റെ നാട്ടിലേക്ക് ഫര്‍ഹാനയും ഷിബിലിയും രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഗുവാഹത്തി എക്സ്പ്രസില്‍ ആര്‍പിഎഫിന്‍റെ സഹായത്തോടെ പലവട്ടം പരിശോധന നടത്തി. 

പക്ഷെ പ്രതികളെക്കുറിച്ചുളള സൂചനകളൊന്നും ലഭിച്ചില്ല. 3 പ്രതികളുടേയും ബന്ധുക്കളുടേയും അടുത്ത സുഹൃത്തുക്കളുടേയും ഫോണുകളും പൊലീസ് നിരീക്ഷിച്ചിരുന്നു. ചെന്നൈയില്‍ എത്തുംമുന്‍പെ മറ്റൊരാളുടെ ഫോണുപയോഗിച്ച് ഒറ്റപ്പാലത്തെ അടുത്ത ബന്ധുവിനെ ഫർഹാന വിളിച്ചതാണ് പൊലീസ് അന്വേഷണത്തിന് സഹായകമായത്. ഈ ഫോൺകോള്‍ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സൂചന ലഭിച്ചത്. പിന്നാലെ ചെന്നൈ പൊലീസിന്‍റേയും ആര്‍പിഎഫിന്‍റേയും സഹായത്തോടെ 3 പ്രതികളേയും വലയിലാക്കി. സിദ്ദീഖിന്‍റെ കാറിലെത്തി എടിഎം കൗണ്ടറുകളില്‍ നിന്ന് പണം പിന്‍വലിച്ചതിന്‍റേയും ടൗണിലൂടെ സഞ്ചരിക്കുന്നതിന്‍റേയുമെല്ലാം സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.

Farhana on kozhikode hotel owner murder