കെ.എ.എസില്‍ കൂടുതല്‍ വകുപ്പുകള്‍; തസ്തികാനുപാതവും കൂട്ടും; അന്തിമ തീരുമാനം ഉടന്‍

കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേക്ക് കൂടുതല്‍ വകുപ്പുകളെ ഉള്‍പ്പെടുത്തും. നേരത്തെ ഉള്‍പ്പെടുത്തിയ 29 വകുപ്പുകളിലെ 10 ശതമാനം തസ്തികളെന്നത് പതിനഞ്ച് മുതല്‍ ഇരുപതു ശതമാനം വരെ ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ച നാളത്തെ യോഗത്തില്‍ തീരുമാനമാകും. എണ്‍പതു വകുപ്പുകളില്‍ നിന്നു കൂടുതല്‍ തസ്തികകള്‍ കെ.എ.എസിലുള്‍പ്പെടുത്താനാണ് ശ്രമം. ഇതില്‍ തന്നെ ടെക്നിക്കല്‍ ,സേന,ആരോഗ്യ വകുപ്പുകളിലെ തസ്തികകള്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല. ഇതോടയാണ് നേരത്തെ ഉള്‍പ്പെടുത്തിയ 29 വകുപ്പുകളിലെ പത്തു ശതമാനം തസ്തികകളെന്നത് പതിനഞ്ചു മുതല്‍ 20 ശതമാനമാക്കി മാറ്റാന്‍ ശ്രമം തുടങ്ങിയത്. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. 

കൂടുതല്‍ തസ്തിക കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ 8 വര്‍ഷത്തിനുശേഷമേ ഇനി വിജ്ഞാപനം ക്ഷണിക്കാന്‍ കഴിയുകയുളളു. ആദ്യം കണ്ടെത്തിയ 105 ഒഴിവുകള്‍ക്കു ശേഷം പിന്നീട് ഒഴിവുകള്‍ കണ്ടെത്താന്‍ കഴിയാത്തതോടെയാണ് കെ.എ.എസിന്‍റെ പുതിയ വിഞ്ജാപനം അനിശ്ചിതത്വത്തിലായത്. 2019 ല്‍ വിഞ്ജാപനം വന്നെങ്കിലും 2021 ലാണ് ലിസ്റ്റ് പുറത്തു വന്നത്. പി.എസ്.സി പുതിയ തസ്തികള്‍ അറിയിക്കണമെന്നു സര്‍ക്കാരിനോടു ആവശ്യപ്പെട്ടെങ്കിലും അനുകൂല നടപടിയുണ്ടായിരുന്നില്ല. നേരിട്ടുള്ള നിയമനം, നിലവിലുള്ള ജീവനക്കാരില്‍ നിന്ന് ,ഒന്നാം  ഗസറ്റഡ് പോസ്റ്റിലോ അതിനുമുകളിലോ ഉള്ളവര്‍ എന്നിങ്ങനെ മൂന്നു ധാരകളില്‍ നിന്നായി  105 പേരാണ് ലിസ്റ്റില്‍ ഇടം പിടിച്ചത്.