ഗില്ലാട്ടത്തിന് മറുപടിയില്ലാതെ മുംബൈ; മിന്നും ജയവുമായി ഗുജറാത്ത് ഫൈനലില്‍

gill-rohit-pandya-2
SHARE

മുംൈബ ഇന്ത്യന്‍സിനെ തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ ഫൈനലില്‍. രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ 62 റൺസിനാണ് ഗുജറാത്ത് ടൈറ്റൻസ് വീഴ്ത്തിയത്. നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത്, തുടർച്ചയായ രണ്ടാം തവണയാണ് ഐപിഎൽ ഫൈനലിൽ പ്രവേശിക്കുന്നത്. ഞായറാഴ്ച ഇതേ വേദിയി‍ൽ നടക്കുന്ന ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സാണ് ഗുജറാത്തിന്റെ എതിരാളികൾ. ശുഭ്മാൻ ഗില്ലിന്റെ സെഞ്ചറിക്കരുത്തിൽ ഗുജറാത്ത് ഉയർത്തിയ 234 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന മുംബൈയുടെ ഇന്നിങ്സ് 18.2 ഓവറിൽ 171 റൺസിൽ അവസാനിച്ചു. 2.2 വെറും 10 റൺസ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റ് വീഴ്ത്തിയ മോഹിത് ശർമയാണ് മുംബൈയുടെ ഫൈനൽ പ്രതീക്ഷകൾ തല്ലികെടുത്തിയത്. മറുപടി ബാറ്റിങ്ങിൽ, സൂര്യകുമാർ യാദവ് (20 പന്തിൽ 30), തിലക് വർമ (14 പന്തിൽ 43), കാമറൂൺ ഗ്രീൻ (20 പന്തിൽ 30) എന്നിവർ പൊരുതിയെങ്കിലും മറ്റു ബാറ്റർമാർക്ക് ആർക്കും രണ്ടക്കം പോലും കടക്കാനായില്ല.

ക്യാപ്റ്റൻ രോഹിത് ശർമ (7 പന്തിൽ 8)0 നേഹൽ വധേര(3 പന്തിൽ 4), വിഷ്ണു വിനോദ് (7 പന്തിൽ 5), ടിം ഡേവിഡ് (3 പന്തിൽ 2), ക്രിസ് ജോർദാൻ (5 പന്തിൽ 2), പിയൂഷ് ചൗള (പൂജ്യം), കുമാർ കാർത്തികേയ (7 പന്തിൽ 6), ജേസൻ ബെഹ്‌റൻഡോർഫ് (5 പന്തിൽ 3*) എന്നിങ്ങനെയാണ് മറ്റു മുംബൈ ബാറ്റർമാരുടെ സ്കോറുകൾ. ഒരു സെ‍‍ഞ്ചറിയിലൂടെ മുംബൈ ഇന്ത്യൻസിനെ പ്ലേഓഫിലേക്ക് ‘കയറ്റിയ’ ശുഭ്മാൻ ഗില്ലിന്റെ തന്നെ മറ്റൊരു സെഞ്ചറി മുംബൈയ്ക്ക് ഐപിഎലിൽനിന്നു പുറത്തേയ്ക്കു വഴികാട്ടി. ഐപിഎൽ രണ്ടാം ക്വാളിഫയറിൽ ശുഭ്മാൻ ഗില്ലിന്റെ സെഞ്ചറിക്കരുത്തിലാണ് മുംബൈ ഇന്ത്യൻസിനെതിരെ ഗുജറാത്ത് ടൈറ്റൻസിനു കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 233 റൺസെടുത്തു.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ഗില്ലിന്റെ സെഞ്ചറിക്കരുത്തിൽ ഗുജറാത്ത് ടൈറ്റൻസ് വിജയിച്ചതോടെയാണ് മുംബൈയ്ക്ക് പ്ലേഓഫിലേക്ക് വാതിൽ തുറന്നത്. എന്നാൽ അതിലും ‘അക്രമണകാരി’യായ ഗില്ലിനെയാണ് അഹദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്നു കണ്ടത്. മുംബൈ ബോളർമാരെ നിലംതൊടീക്കാതിരുന്ന ഗില്ലിന്റെ ബാറ്റിൽനിന്ന് തലങ്ങുവിലങ്ങും ബൗണ്ടറികൾ പിറന്നു. 60 പന്തിൽ 10 സിക്സറുകളുടെയും 7 ഫോറിന്റെ അകടമ്പടിയോടെയാണ് ഗിൽ 129 റൺസെടുത്തത്. സ്ട്രൈക്ക് റേറ്റ് 215.00.

ഐപിഎൽ സീസണിലെ മൂന്നാം സെഞ്ചറിയാണ് ഗിൽ തികച്ചത്. ഒരു ഐപിഎൽ സീസണിൽ ഏറ്റവുമധികം സെഞ്ചറി നേടുന്ന താരങ്ങളിൽ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തു ഗിൽ. 2016ൽ കോലിയും 2022ൽ ജോസ് ബട്‌ലറും നാല് സെ‍ഞ്ചറികൾ വീതം നേടിയിരുന്നു. ഐപിഎൽ പ്ലേ ഓഫിൽ സെഞ്ചറി നേടുന്ന ഏഴാമത്തെ താരമാണ് ശുഭ്മാൻ ഗിൽ. 23 വയസ്സും 260 ദിവസവും പ്രായമുള്ള ഗിൽ, ഈ നാഴികക്കല്ല് പിന്നിടുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ്. 49 പന്തിൽ സെഞ്ചറി തികച്ച ഗിൽ, പ്ലേഓഫിലെ വേഗതയേറിയ സെഞ്ചറിയുടെ റെക്കോർഡിനൊപ്പമെത്തുകയും ചെയ്തു.

ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത മുംബൈ ക്യാപ്റ്റൻ രോഹിത് ശർമയുടെ തീരുമാനം തീർത്തും തെറ്റായിരുന്നെന്നു തോന്നിക്കുന്ന തരത്തിലായിരുന്നു ഗുജറാത്തിന്റെ ബാറ്റിങ്. ഒന്നാം വിക്കറ്റിൽ വൃദ്ധിമാൻ സാഹയും (16 പന്തിൽ 18) ഗില്ലും ചേർന്ന് 54 റൺസാണ് കൂട്ടിച്ചേർത്തത്. പവർപ്ലേ ഓവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 50 റൺസെന്ന നിലയിലായിരുന്നു. ഗുജറാത്ത്. ആറാം ഓവറിന്റെ അഞ്ചാം പന്തിൽ, 30 റൺസിൽ നിൽക്കെ ക്രിസ് ജോർദന്റെ പന്തിൽ ഗിൽ നൽകിയ ക്യാച്ച് ടിം ഡേവിഡ് വിട്ടുകളയുകയും ചെയ്തു. ഏഴാം ഓവറിൽ വൃദ്ധിമാൻ സാഹയെ പുറത്താക്കി പീയൂഷ് ചൗളയാണ് കൂട്ടുകെട്ട് പൊളിച്ചത്.

എന്നാൽ മൂന്നാമനായി ക്രീസിലെത്തിയ സായ് സുദർശനെ (31 പന്തിൽ 43) കൂട്ടുപിടിച്ച് ഗിൽ നിറഞ്ഞാടുന്നതിനാണ് പിന്നീട് മോദി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.. കഴിഞ്ഞ മത്സരത്തിൽ മുംബൈയുടെ വിജയശിൽപിയായിരുന്ന ആകാശ് മധ്‌വാളിനെതിരെ 12–ാം ഓവറിൽ മൂന്നു സിക്സ് ഉൾപ്പെടെ 21 റൺസാണ് അടിച്ചുകൂട്ടിയത്. 13–ാം ഓവറിൽ 20 റൺസും 15–ാം ഓവറിൽ 19 റൺസും ഗുജറാത്ത് നേടി. 17–ാം ഓവറിൽ മധ്‌വാൾ തന്നെ ഗില്ലിനെ പുറത്താത്തിയതോടെയാണ് ഗുജറാത്തിന്റെ സ്കോറിങ് വേഗത കുറഞ്ഞത്. എന്നാൽ അവസാന ഓവറിൽ 19 റൺസ് അടിച്ചതോടെ ഗുജറാത്ത് സ്കോർ 230 കടന്നു. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (13 പന്തിൽ 28*), റാഷിദ് ഖാൻ (2 പന്തിൽ 5*) എന്നിവർ പുറത്താകാതെ നിന്നു. 

IPL Gujarat Titans beats Mumbai Indians

MORE IN BREAKING NEWS
SHOW MORE