
കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖിന്റെ കൊലയ്ക്ക് ശേഷം ഹോട്ടലില്‍നിന്ന് പ്രതികള്‍ പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. മൃതദേഹമടങ്ങിയ ട്രോളി ബാഗുമായി പ്രതികള്‍ ഹോട്ടലില്‍നിന്ന് ഇറങ്ങിയത് ഈമാസം 19ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്കുശേഷമാണ്. 3.09 നും 3.19നും ഇടയിലാണ് ബാഗുകള്‍ കാറില്‍ കയറ്റിയത്. ആദ്യം ഒരു ബാഗ് കയറ്റി. പിന്നീട് അടുത്ത ബാഗ് എത്തിക്കുകയായിരുന്നു.
വെള്ള നിറമുള്ള കാറിലാണ് ബാഗുകള്‍ കയറ്റിയത്. ഹോട്ടലിലെ കേടായിരുന്ന സിസിടിവി പുനഃസ്ഥാപിച്ചത് 19ന് ആയിരുന്നു. ഹോട്ടല്‍ ജീവനക്കാരനായ ഷിബിലിയെ പിരിച്ചുവിട്ട 18നാണ് സിദ്ദിഖിനെ കാണാതായത്.
സിദ്ദിഖിന്റെ ഫോണ്‍ വ്യാഴാഴ്ച മുതല്‍ സ്വിച്ച് ഓഫായിരുന്നുവെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ യൂസഫ് മനോരമ ന്യൂസിനോട് പറഞ്ഞു. സിദ്ദിഖിനെ ഫോണില്‍ കിട്ടുന്നില്ലെന്ന് പറഞ്ഞ് മകനും ഹോട്ടലില്‍ വന്നിരുന്നു. സ്വന്തം കാറിലാണ് സിദ്ദിഖ് ഹോട്ടലില്‍ നിന്ന് പോയതെന്നും യൂസഫ് പറഞ്ഞു. സിദ്ദിഖിനെ കാണാതായത് ഷിബിലിയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ട ദിവസമെന്ന് സിദ്ദിഖിന്റെ സഹോദരന്‍ മനോരമ ന്യൂസിനോട്. ഹോട്ടലില്‍നിന്ന് പണം നഷ്ടമായതിനെത്തുടര്‍ന്നാണ് ഒഴിവാക്കിയത്. മറ്റ് തൊഴിലാളികള്‍ ഷിബിലിയുടെ പെരുമാറ്റദൂഷ്യത്തിനെതിരെ പരാതിപ്പെട്ടിരുന്നു. ശമ്പളം നല്‍കിയാണ് പിരിച്ചുവിട്ടത്. കാണാതായശേഷം സിദ്ദിഖിന്‍റെ എ.ടി.എമ്മില്‍ നിന്ന് രണ്ടുലക്ഷംരൂപ നഷ്ടപ്പെട്ടെന്നും സഹോദരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
അതിനിടെ സിദ്ദിഖിന്റെ മൃതദേഹാവശിഷ്ടങ്ങളെന്ന് സംശയിക്കുന്ന രണ്ടു പെട്ടികള്‍ കണ്ടെത്തി. അട്ടപ്പാടി ഒന്‍പതാം വളവിലാണ് രണ്ടുട്രോളിബാഗുകള്‍ കണ്ടെത്തിയത്. ബാഗുകള്‍ മുകളിലെത്തിച്ച് പരിശോധന തുടങ്ങി. സിദ്ദിഖിന്‍റെ ഹോട്ടലിലെ ജീവനക്കാരനായ ഷിബിലി, ഷിബിലിയുടെ സുഹൃത്ത് ഫര്‍ഹാന, ഫര്‍ഹാനയുടെ സുഹൃത്ത് ആഷിക് എന്ന ചിക്കു എന്നിവര്‍ പിടിയിലായിട്ടുണ്ട്. ആഷിക്കിന്റെ സാന്നിധ്യത്തിലാണ് കൊല നടന്നതെന്നാണ് നിഗമനം. ഷിബിലിയും ഫര്‍ഹാനയും ചെന്നൈയിലാണ് പിടിയിലായത്. ട്രോളി ബാഗുകള്‍ കണ്ടെത്തിയ സ്ഥലത്ത് പ്രതി ആഷിക്കിനെ എത്തിച്ചു.
CCTV Visuals of Shibil and Farhana with trolly bag