വായില്‍ നിറയെ രോമവുമായി സ്റ്റീഫന്‍റെ ദുരിത ജീവിതം; ഉറപ്പ് പാലിക്കാതെ ആരോഗ്യവകുപ്പ്

ഒരു വററ് ഭക്ഷിക്കാനാകാതെ ഒരിറക്ക് വെള്ളം കുടിക്കാനാകാതെ വായില്‍ നിറയെ രോമവുമായി വെള്ളറട സ്വദേശി സ്റ്റീഫന്റെ ദുരിത ജീവിതം തുടരുന്നു. നാലുവര്‍ഷം മുമ്പ്  തിരുവനന്തപുരം ആര്‍ സി സിയില്‍ വായിലെ  ശസ്ത്രക്രിയയ്ക്കുശേഷം കീഴ്താടിയില്‍ നിന്നെടുത്ത ചര്‍മം തുന്നിച്ചേര്‍ത്തതോടെയാണ്  രോമം വളരാന്‍ തുടങ്ങിയത്.  ദയനീയാവസ്ഥ മൂന്ന് വര്‍ഷം മുമ്പ് മനോരമന്യൂസ് വാര്‍ത്തയാക്കിയപ്പോള്‍ തുടര്‍ ചികില്‍സ ഉറപ്പു നല്കിയ ആരോഗ്യവകുപ്പും ആര്‍സിസിയും കൈമലര്‍ത്തിയെന്ന് സ്റ്റീഫന്‍ പറയുന്നു.  

മൂന്ന് വര്‍ഷം മുമ്പ് മനോരമ ന്യൂസ് ഈ വാര്‍ത്ത നല്‍കിയപ്പോള്‍ ആരോഗ്യവകുപ്പും ആര്‍സിസിയും തുടര്‍ ചികില്‍സ ഉള്‍പ്പെടെ ഒരുപാട് വാഗ്ദാനങ്ങള്‍ സ്റ്റീഫന് നല്കിയിരുന്നു. പിന്നീട് എന്തു സംഭവിച്ചുവെന്ന് സ്റീഫന്‍ പറയും.  2019 ജൂലൈ 9നാണ് വായിലെ അര്‍ബുദ മുഴ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടന്നത്. വീട്ടിലെത്തി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ രോമം വളരാന്‍ തുടങ്ങി. ആശ്വാസം തേടിയെത്തിയ സ്റ്റീഫനോട് ബാര്‍ബറെ വിളിച്ച്  മുടി വെട്ടിക്കാനായിരുന്നു ആര്‍സിസി അധികൃതരുടെ ആദ്യ മറുപടി. 

തീര്‍ത്തും അസാധാരണമല്ല ഇതെന്നും രോമം നീക്കം ചെയ്യാനുള്ള ചികില്‍സയാണ് പരിഹാരമെന്നുമാണ് അര്‍ബുദ ശസ്ത്രക്രിയാ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഒരു മുടിനാര് വായില്‍ കുടുങ്ങിയാലുള്ള അസ്വസ്ഥത  നമുക്കറിയാം. തുടര്‍ ചികില്‍സകള്‍ക്ക് ശേഷിയില്ലാത്ത ഈ കുടുംബത്തെ സഹായിക്കാന്‍ ബന്ധപ്പെട്ടവര്‍ ഇടപെട്ടേ മതിയാകൂ.

The health department promised follow-up treatment but did not keep the promise