സംസ്ഥാനത്ത് പരക്കെ വേനല്‍മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

ചിത്രം: റിജോ ജോസഫ്, മനോരമ

സംസ്ഥാനത്ത് പരക്കെ വേനല്‍ മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോ മീറ്റര്‍വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ കിട്ടിത്തുടങ്ങിയതോടെ പകല്‍ താപനിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് ഒന്നുമുതലുള്ള കണക്കനുസരിച്ച് വേനല്‍മഴയില്‍ 46 ശതമാനം കുറവാണ് ഉണ്ടായിട്ടുള്ളത്. മഴ തിങ്കളാഴ്ച വരെ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

40 ഡിഗ്രി ചൂടില്‍ തിളച്ചിരുന്ന പാലക്കാട്, താപനില 38 സെല്‍സിയസിലേക്ക് താണു. കൊല്ലം, തൃശൂര്‍ കോഴിക്കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍സിയസാണ് ചൂട്. നെടുമ്പാശേരിയിലാണ് ഏറ്റവും കുറവ് ചൂട് രേഖപ്പെടുത്തിയത്, 33 ഡിഗ്രി സെല്‍സിയസ്. സംസഥാനത്ത് പലയിടത്തും കഴിഞ്ഞ 24 മണിക്കൂറില്‍ വേനല്‍മഴ ലഭിച്ചതോടെ താപനിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. 

മേയ് മൂന്നുവരെ തെക്കന്‍ജില്ലകളില്‍ പ്രത്യേകിച്ച് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര പാറശാല പ്രദേശങ്ങളില്‍ താപനില ഉയരും.അടുത്ത മാസത്തോടെ  മഴ കൂടുതല്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാളെ രാത്രിവരെ ഉയര്‍ന്ന തിരമാലയ്ക്കുള്ള ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചുണ്ട്. ഒരു മീറ്റര്‍ വരെ ഉയരമുള്ള തിരകള്‍ ഉണ്ടാകുമെന്ന് ദേശീയ സമുദ്രഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യതൊഴിലാളികളും തീരപ്രദേശത്ത് താമസിക്കുന്നവരും ശ്രദ്ധിക്കണം. 

IMD predicts summer rain till monday across Kerala