ഫ്രെഡി ചുഴലിക്കാറ്റില്‍ മരണം 326; വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തുടരുന്നു

freddy cyclone
SHARE

ആഫ്രിക്കയിൽ നാശം വിതച്ച ഫ്രെഡി ചുഴലിക്കാറ്റിൽ മരണം 400 കടന്നു. മലാവിയിൽ മാത്രം 326 പേർ മരിച്ചു. മൊസാംബിക്, മഡഗാസ്കർ എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലും വലിയ നാശ നഷ്ടമുണ്ടായി. രണ്ടു ലക്ഷത്തോളം പേർ അഭയാർത്ഥി ക്യാമ്പിലാണ്. ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ചുഴലിക്കാറ്റായി മാറിയ ഫ്രെഡി നിലവിൽ ദുർബലമായിട്ടുണ്ടെകിലും കുറച്ചു ദിവസം കൂടി സജീവമായി നിൽക്കുമെന്നാണ് വിലയിരുത്തൽ. വിഡിയോ റിപ്പോര്‍ട്ട് കാണാം.   

രക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. മരണസംഖ്യ ഉയർന്നേക്കുമെന്ന ആശങ്ക ശക്തമാണ്. ഈ വർഷം ഫെബ്രുവരി ആറിന് തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ ഓസ്‌ട്രേലിയയുടെ വടക്കൻ തീരത്തു നിന്നാരംഭിച്ച ഈ ചുഴലിക്കാറ്റ് 37 ദിവസത്തിനു ശേഷം ആഫ്രിക്കയിലെ മലാവിയിലാണ്  ദുർബലമായത്. ഇതിനിടയിൽ മൂന്നു തവണയാണ് ചുഴലിക്കാറ്റ് കരയിലെത്തിയത്. ഇത്രയും ദിവസം കൊണ്ട് എണ്ണായിരം കിലോമീറ്ററോളം കാറ്റ് സഞ്ചരിച്ചു. 1994 ൽ കിഴക്കൻ പസഫിക് മേഖലയിൽ രൂപപ്പെട്ടു  31 ദിവസം നീണ്ടു നിന്ന ജോൺ ചുഴലിക്കാറ്റായിരുന്നു ഇതിനു മുൻപുള്ള ഏറ്റവും ദൈർഘ്യമേറിയ ചുഴലിക്കാറ്റ്. ഈ കാലയളവിൽ ജോൺ ചുഴലിക്കാറ്റ് പതിമൂവായിരത്തോളം കിലോമീറ്ററുകൾ സഞ്ചരിച്ചിരുന്നു. സമുദ്ര ജലം ചൂടുപിടിച്ചുണ്ടാകുന്ന നീരാവിയാണ് ചുഴലിക്കാറ്റുകളുടെ ഊർജ സ്രോതസ്. ചുഴലിക്കാറ്റുകൾ കൂടുതൽ സമയം കടലിൽ തങ്ങുമ്പോൾ അതിനു കൂടുതൽ ഊർജം ലഭിക്കുന്നതു കൊണ്ടാണ് ദൈർഘ്യം വർധിക്കുന്നത്. കരയിലേക്കെത്തുമ്പോൾ ഘർഷണം മൂലം വേഗവും തീവ്രതയും കുറയും. കൂടുതൽ സമയം കടലിൽ തന്നെ തങ്ങിയതാണ് ഈ രണ്ടു ചുഴലിക്കാറ്റുകൾക്കും ഇത്രയും ദൈർഘ്യം ലഭിക്കാൻ കാരണമെന്നാണ്  വിദഗ്ധർ വ്യക്തമാക്കുന്നത്  

Death toll from Cyclone Freddy in Africa rises to 326

MORE IN BREAKING NEWS
SHOW MORE