‘മോശം പെരുമാറ്റം; ജോലി ചെയ്യാന്‍ അനുവദിച്ചില്ല’; റെയ്ഡിനെതിരെ ബിബിസി

ഡൽഹി, മുംബൈ ഓഫീസുകളിലെ പരിശോധനയിൽ  ആദായനികുതി വകുപ്പ് നൽകിയ വിശദീകരണങ്ങൾ തള്ളി ബിബിസി. മാധ്യമപ്രവർത്തകരെ മണിക്കൂറുകളോളം ജോലി ചെയ്യാൻ അനുവദിച്ചില്ല. ആദായനികുതി വകുപ്പ് ജീവനക്കാരും പൊലീസുകാരും മാധ്യമ പ്രവർത്തകരിൽ ചിലരോട് മോശമായി പെരുമാറി എന്നും ബിബിസി ഹിന്ദിയിലെ ലേഖനത്തിൽ പറയുന്നു. 

നികുതി പൊരുത്തക്കേടുകൾ ആരോപിച്ച് ആദായനികുതി വകുപ്പ് ഡൽഹി, മുംബൈ ഓഫീസുകളിൽ നടത്തിയ പരിശോധന സംബന്ധിച്ച് വിശദമായൊരു പ്രതികരണമാണ് ബിബിസി ഹിന്ദി ലേഖനത്തിലൂടെ നടത്തിയിരിക്കുന്നത്. മാധ്യമ പ്രവർത്തകരെ ജോലി ചെയ്യാൻ അനുവദിച്ചായിരുന്നു 3 ദിവസം പരിശോധന നടത്തിയതെന്ന ആദായ നികുതി വകുപ്പിന്റെ പ്രസ്താവനയെ തള്ളിയ ബിബിസി മാധ്യമപ്രവർത്തകരെ മണിക്കൂറുകളോളം ജോലി ചെയ്യാൻ അനുവദിച്ചില്ലെന്ന് ലേഖനത്തിൽ പറയുന്നു.ഹിന്ദി, ഇംഗ്ലീഷ് മാധ്യമപ്രവർത്തകരെ പ്രക്ഷേപണ സമയം അടുക്കുമ്പോൾ മാത്രമാണ് ജോലി ചെയ്യാൻ അനുവദിച്ചത്. ആദായനികുതി വകുപ്പ് ജീവനക്കാരും പൊലീസുകാരും മാധ്യമ പ്രവർത്തകരിൽ ചിലരോട് മോശമായി പെരുമാറി എന്ന ഗുരുതരമായ ആരോപണവും ഉന്നയിച്ചിട്ടുണ്ട്. 

മാധ്യമപ്രവർത്തകരുടെ കംപ്യൂട്ടറുകൾ പരിശോധിച്ചു. ഫോണുകൾ കസ്റ്റഡിയിലെടുത്തു. പരിശോധനയെ കുറിച്ച് എഴുതുന്നത്  തടഞ്ഞു. പരിശോധനയോട് മാധ്യമപ്രവർത്തകരും ജീവനക്കാരും സഹകരിച്ചു എന്നും അത് തുടരുമെന്നും ബിബിസി വ്യക്തമാക്കി.  ബി ബി സി ഡൽഹി, മുംബൈ ഓഫീസുകളിൽ കഴിഞ്ഞ 14 ആം തിയതി മുതൽ 58 മണിക്കൂറാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. ബിബിസി ഗ്രൂപ്പിൽപ്പെട്ട പല കമ്പനികളുടെയും കണക്കിൽ കാണിച്ചിട്ടുള്ള വരുമാനവും ലാഭവും ഇന്ത്യയിലെ പ്രവർത്തനത്തിന്റെ തോതുമായി ഒത്തു പോകുന്നില്ലെന്ന് കണ്ടെത്തിയതായാണ് ആദായ നികുതി വകുപ്പ് വെളിപ്പെടുത്തിയിട്ടുള്ളത്. 

BBC claims its journalists not allowed to work for hours during IT survey