മുന്‍കാലപ്രാബല്യത്തോടെ ശമ്പളം; ആവശ്യപ്പെട്ടത് ചിന്ത തന്നെ; തെളിവായി കത്ത്

യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോം മുന്‍കാലപ്രാബല്യത്തോടെ ശമ്പളം ആവശ്യപ്പെട്ടതിന് തെളിവായി കത്ത്. കഴിഞ്ഞ ഓഗസ്റ്റ് 18ന് യുവജനകാര്യ സെക്രട്ടറിക്ക് നല്‍കിയ കത്താണ് പുറത്തുവന്നത്. ചിന്ത ആവശ്യപ്പെട്ടിട്ടാണ് വര്‍ധനയെന്ന് ഇന്നലെ സര്‍ക്കാര്‍ ഉത്തരവും വ്യക്തമാക്കിയിരുന്നു. 

ശമ്പളവർധനവും അതിന് മുൻകാലപ്രാബല്യം നൽകി കുടിശികയും ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ചിന്ത ജെറോം ഇതുവരെ പറഞ്ഞിരുന്നത്. എന്നാൽ, ചിന്തയെ തിരിഞ്ഞുകുത്തുന്നതാണ് ഈ കത്ത്. കഴിഞ്ഞവർഷം ഓഗസ്റ്റ് 18ന് ചിന്ത തന്നെ ഒപ്പിട്ട് യുവജനകാര്യസെക്രട്ടറി എം.ശിവശങ്കറിന് അയച്ച കത്തിൽ ആവശ്യം വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്. 2016 ഒക്ടോബർ മുതൽ 2018 മേയ് വരെയുള്ള കാലയളവിൽ അഡ്വാൻസായി ഓരോ മാസവും 50000 രൂപ വീതം കൈപ്പറ്റിയ തുകയും, നിജപ്പെടുത്തിയ ചടങ്ങളിലെ ശമ്പളവും തമ്മിലുള്ള കുടിശിക അനുവദിക്കണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് 2017 ജനുവരി മുതൽ മുൻകാലപ്രാബല്യം നൽകി 17 മാസത്തെ കുടിശികയായ എട്ടര ലക്ഷം രൂപ ചിന്തയ്ക്ക് സർക്കാർ ഇന്നലെ അനുവദിച്ചത്. യുവജനകമ്മിഷൻ അധ്യക്ഷയുടെ ശമ്പളം ഒരുലക്ഷമായി നിശ്ചയിച്ചത് 2018ലാണ്. എന്നാൽ, നിയമിതയായ കാലം 2016 മുതൽ അതിന് മുൻകാലപ്രാബല്യം വേണമെന്ന വിചിത്ര ആവശ്യമാണ് ചിന്ത ഉയർത്തിയത്.

Chintha Jerome letter as proof of claim for retroactive salary