പ്രതിഷേധിച്ച ബിജെപി നേതാക്കള്‍ക്കെതിരെ കേസ്; പ്രദര്‍ശനത്തിന് കേസില്ല

ബി.ബി.സി ഡോക്യുെമന്ററി പ്രദര്‍ശനത്തിനെതിരെ നടന്ന പ്രതിഷേധങ്ങളില്‍ ബി.ജെ.പി, യുവമോര്‍ച്ച നേതാക്കളെ പ്രതിയാക്കി പൊലീസ് കേസെടുത്തു. നിയമവിരുദ്ധ ഒത്തുകൂടല്‍, സംഘര്‍ഷം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അതേസമയം ഡോക്യുമെന്ററി പ്രദര്‍ശനം നിരോധിച്ച് ഉത്തരവില്ലാത്തതിനാല്‍ പ്രദര്‍ശനത്തിനെതിരെ കേസെടുക്കില്ലെന്ന് പൊലീസ് അറിയിച്ചു. സംസ്ഥാനത്ത് ഇന്നും ബി.ബി.സി ഡോക്യുമെൻ്ററി  പ്രദർശിപ്പിക്കും. കോൺഗ്രസും യൂത്ത് കോൺഗ്രസും ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും സംസ്ഥാനത്ത് പലയിടത്തും പ്രദർശനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.  

അതിനിടെ 2002ലെ ഗുജറാത്ത്‌ കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കുണ്ടെന്നാരോപിക്കുന്ന ഇന്ത്യ ദ് മോദി ക്വസ്റ്റ്യന്‍ എന്ന ഡോക്യുമെന്ററിയുടെ രണ്ടാംഭാഗം ബിബിസി സംപ്രേഷണം ചെയ്തു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടരയ്ക്കായിരുന്നു സംപ്രേഷണം. 2019ല്‍ വീണ്ടും അധികാരത്തിലെത്തിയ നരേന്ദ്രമോദി സര്‍ക്കാരിന്റെ മുസ്‌ലിം ന്യൂനപക്ഷത്തോടുള്ള സമീപനമാണ് ഡോക്യുമെന്ററിയുടെ രണ്ടാംഭാഗത്തില്‍ പ്രതിപാദിക്കുന്നത്. അതേസമയം ഡോക്യുമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ട് ഡല്‍ഹി ജെ.എൻ.യു കാംപസില്‍ വൻ സംഘർഷമുണ്ടായി. 

Case against BJP leaders on BBC Documentry