കുഞ്ഞിനായി ഡിഎന്‍എ പരിശോധന; ഉപേക്ഷിച്ചതിന് പ്രായശ്ചിത്തം ചെയ്യുമെന്ന് അമ്മ

സദാചാരഭീതിയെ തുടര്‍ന്ന് മാതാപിതാക്കള്‍ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞിനായി ഡി.എന്‍.എ പരിശോധന നടത്തി. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിലായിരുന്നു സി.ഡബ്ല്യു.സി തീരുമാനത്തെ തുടര്‍ന്ന് കുഞ്ഞിന്‍റെയും മാതാപിതാക്കളുടെയും ഡി.എന്‍.എ പരിശോധന നടത്തിയത്. കുഞ്ഞ് ഇവരുടേതു തന്നെ എന്ന് പരിശോധനയില്‍ തെളിഞ്ഞാല്‍ മൂന്നാഴ്ചയ്ക്കകം മാതാപിതാക്കള്‍ക്ക് കൈമാറും. കുഞ്ഞിനെ തിരികെ കിട്ടിയാല്‍ ഉപേക്ഷിച്ച തെറ്റിന് പ്രായശ്ചിത്തമായി നന്നായി നോക്കുമെന്ന് അമ്മ മനോരമ ന്യൂസിനോട് പറഞ്ഞു. 

നാലുമാസം മുമ്പ് അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞിനെ തേടി എത്തിയ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. കുറ്റബോധവും സങ്കടവും സമൂഹത്തോടുള്ള പേടിയുമെല്ലാം ആ നിറഞ്ഞ കണ്ണുകളിലുണ്ടായിരുന്നു. സി.ഡബ്ല്യു.സിയില്‍ എത്തിയപ്പോള്‍ മുതല്‍ കുഞ്ഞിനായി തേടുകയായിരുന്നു ആ അമ്മ. അവിടെയല്ല, ശിശുക്ഷേമസമിതിയിലാണ് കുഞ്ഞുള്ളതെന്ന് അറിഞ്ഞപ്പോള്‍ നിരാശ. ഡി.എന്‍.എ പരിശോധനയ്ക്ക് കുഞ്ഞിനെ എത്തിക്കുമെന്നും അപ്പോള്‍ എടുക്കാനോ ഉമ്മവയ്ക്കാനോ ശ്രമിക്കരുതെന്നും സി.ഡബ്ല്യു.സി അധികൃതര്‍ ഓര്‍മിപ്പിച്ചു. ഒടുവില്‍ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ കുഞ്ഞിനെ ശിശുക്ഷേമസമിതി അധികൃതര്‍ എത്തിച്ചു. 

അമ്മത്തൊട്ടിലില്‍ ഇവര്‍ കുഞ്ഞിനെ ഉപേക്ഷിച്ചത് ജൂലൈ 17നാണ്. അന്ന് ഈ കുഞ്ഞിനെ മാത്രമാണ് അമ്മത്തൊട്ടിലില്‍ നിന്ന് ശിശുക്ഷേമ സമിതിക്ക് ലഭിച്ചത്. എന്നാല്‍ ഡി.എന്‍.എ പരിശോധനാഫലത്തിലൂടെ മാത്രമേ ഇക്കാര്യം ഉറപ്പിക്കാന്‍ സാധിക്കൂ. 

രണ്ടാഴ്ചയ്ക്കകം ഡി.എന്‍.എ പരിശോധനാഫലം അറിയാം. കുഞ്ഞ് ഇവരുടേത് എന്ന് ഉറപ്പിച്ചാല്‍ മൂന്നാഴ്ചയ്ക്കകം കൈമാറുമെന്ന് സി.ഡബ്ല്യു.സി അധികൃതര്‍ വ്യക്തമാക്കി. പ്രണയകാലത്തുണ്ടായ ഗര്‍ഭം വീട്ടുകാരെയും നാട്ടുകാരെയും ഭയന്ന് വിവാഹശേഷവും ഇരുവരും മറച്ചുവയ്ക്കുകയായിരുന്നു. കുഞ്ഞുപിറന്ന് ഒന്നരമാസം പോറ്റി വളര്‍ത്തിയശേഷമായിരുന്നു അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചത്. 

കുഞ്ഞിനെ തിരികെ കിട്ടുമെന്ന നിറഞ്ഞ പ്രതീക്ഷയാണ് ആ മാതാപിതാക്കളുടെ മുഖത്തിപ്പോള്‍. ഡി.എന്‍.എ പരിശോധനാഫലം അനുകൂലമാകുന്നതിനു വേണ്ടിയുള്ള കാത്തിരിപ്പാണിനി. അനുകൂലമായാലുടന്‍ എല്ലാ കാര്യവും സ്വന്തം വീട്ടില്‍ പറയാനും പുതിയൊരു ജീവിതം തുടങ്ങാനും തീരുമാനിച്ച് ഉറപ്പിച്ചിരിക്കുകയാണ് ഇരുവരും.

DNA test completed for the baby left in Ammathottil