ജപ്പാനെ തകർത്ത് ക്രൊയേഷ്യ ക്വാർട്ടറിൽ; ഷൂട്ടൗട്ടിൽ ‍താരമായി ലിവാകോവിച്ച്

croatia-4
ഷൂട്ടൗട്ടിൽ മിന്നും പ്രകടനം കാഴ്ചവച്ച ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക് ലിവാകോവിച്ചിനെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ
SHARE

ഖത്തർ ലോകകപ്പിൽ ആദ്യമായി പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ ജപ്പാനെ വീഴ്ത്തി നിലവിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യ ക്വാർട്ടർ ഫൈനലിൽ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഷൂട്ടൗട്ടിൽ ജാപ്പനെ ക്രൊയേഷ്യ മറികടന്നത്. ഷൂട്ടൗട്ടിൽ പോസ്റ്റിനു മുന്നിൽ മിന്നും പ്രകടനം പുറത്തെടുത്ത ഗോൾകീപ്പർ ഡൊമിനിക് ലിവാകോവിച്ചാണ് ക്രൊയേഷ്യയെ ക്വാർട്ടറിലേക്ക് നയിച്ചത്. മുഴുവൻ സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടിൽ ജപ്പാൻ താരം ടകുമി മിനാമിനോ, കവോരു മിട്ടോമ, മായ യോഷിദ എന്നിവരുടെ ഷോട്ടുകൾ തടുത്തിട്ടാണ് ലിവാകോവിച്ച് ക്രൊയേഷ്യയുടെ രക്ഷകനായത്. ജപ്പാനായി ലക്ഷ്യം കണ്ടത് ടകുമ അസാനോ മാത്രം. മറുവശത്ത് ക്രൊയേഷ്യയ്ക്കായി കിക്കെടുത്ത നിക്കോള വ്ലാസിച്ച്, മാർസലോ ബ്രോസോവിച്ച്, മാരിയോ പസാലിച്ച് എന്നിവർ ലക്ഷ്യം കണ്ടു. അതേസമയം, മാർക്കോ ലിവായയുടെ ഷോട്ട് പോസ്റ്റിൽത്തട്ടി തെറിച്ചു. ഡിസംബർ ഒൻപതിനു നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ, ബ്രസീൽ – ദക്ഷിണ കൊറിയ മത്സര വിജയികളാണ് ക്രൊയേഷ്യയുടെ എതിരാളികൾ.

2018ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ പ്രീക്വാർട്ടറിലും ക്വാർട്ടറിലും പെനൽറ്റി ഷൂട്ടൗട്ടിലാണ് ക്രൊയേഷ്യ ജയിച്ചത്. പിന്നീട് സെമിയിൽ അധികസമയത്തും ജയിച്ചുകയറിയാണ് അവർ ഫൈനലിലെത്തിയത്. ഇതിന്റെ തുടർച്ചയായാണ് ഖത്തർ ലോകകപ്പിലും പ്രീക്വാർട്ടറിൽ ക്രൊയേഷ്യയുടെ ഷൂട്ടൗട്ട് വിജയം. നേരത്തെ, ജപ്പാനായി ആദ്യപകുതിയിൽ ഡയ്സൻ മയേഡയും (43–ാം മിനിറ്റ്) ക്രൊയേഷ്യയ്‌ക്കായി രണ്ടാം പകുതിയിൽ ഇവാൻ പെരിസിച്ചും (55–ാം മിനിറ്റ്) ഗോൾ നേടിയതോടെയാണ് മത്സരം അധിക സമയത്തേക്കു നീണ്ടത്.

fifa world cup 2022 Croatia beats Japan

MORE IN BREAKING NEWS
SHOW MORE