പ്രവാസി കമ്മീഷൻ നിശ്ചലം; കെട്ടിക്കിടക്കുന്നത് 600 ഓളം കേസുകൾ

പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ട പ്രവാസി കമ്മീഷൻ നിശ്ചലമായിട്ട് ആറുമാസങ്ങൾ. ജസ്റ്റിസ് പി.ഡി.രാജൻ ചെയർമാനായ കമ്മീഷന്റെ കാലാവധി കഴിഞ്ഞിട്ട് മാസങ്ങളായിട്ടും ഇതുവരെ പുതിയ കമ്മീഷനെ നിയമിച്ചിട്ടില്ല. കമ്മീഷനെ നിയമിക്കാൻ വൈകുന്നതു മൂലം 600 ഓളം കേസുകളാണ് പരിഹരിക്കാതെ കെട്ടിക്കിടക്കുന്നത്.

പ്രവാസികളുടെ നാട്ടിലും, വിദേശത്തുമുള്ള പ്രശ്നങ്ങളിൽ ഇടപെടാനും പരിഹാരം കാണാനുമുള്ള വിപുലമായ അധികാരങ്ങൾ ആണ് പ്രവാസി കമ്മീഷന് നൽകിയിട്ടുള്ളത്. ചെയർമാന് പുറമേ നാല് അംഗങ്ങളാണ് കമ്മീഷനിൽ ഉണ്ടാവുക. ഈ വർഷം മെയ് 8നാണ് ജസ്റ്റിസ് പി.ഡി.രാജൻ ചെയർമാനായ പ്രവാസി കമ്മീഷന്റെ കാലാവധി അവസാനിക്കുന്നത്. മാസങ്ങൾ കഴിഞ്ഞിട്ടും പുതിയ കമ്മീഷൻ നിലവിൽ വന്നിട്ടില്ല. ഇതോടെ അറുന്നൂറോളം കേസുകളാണ് തീർപ്പാകാതെ കെട്ടിക്കിടക്കുന്നത്

ഹൈക്കോടതി  ഇടപെടലിനെ തുടർന്നാണ് 2016ൽ സർക്കാർ പ്രവാസി കമ്മീഷൻ രൂപീകരിച്ചതും, ഓഫീസ് സൗകര്യങ്ങൾ നൽകിയതും. 2019ലാണ് ജസ്റ്റിസ് പി.‍ഡി. രാജൻ കമ്മീഷൻ ചെയർമാനാകുന്നത്.  ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ പ്രവാസി കമ്മീഷൻ പരിഹരിച്ചിട്ടുണ്ട്.  കൂടാതെ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തുവാനും പ്രവാസികളുടെ പ്രശ്നപരിഹാരത്തിനായി നിർദേശം നൽകാനും കമ്മീഷന് നിയമപരമായ അധികാരങ്ങളുണ്ട്.  പ്രവാസി കമ്മീഷനെ നിയമിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി കഴിഞ്ഞയാഴ്ച സംസ്ഥാന സർക്കാരിന്  നോട്ടീസ് അയച്ചിരുന്നു.

Non-residential commission stands still; Around 600 cases are pending