ഗവർണറെ പേടിക്കേണ്ട; മന്ത്രിമാരെ ജനങ്ങൾ തിരഞ്ഞെടുത്തത്: വി.ശിവൻകുട്ടി

ഇന്ത്യൻ ഭരണഘടന ഗവർണർക്കും ബാധകമാണെന്ന കാര്യം അദേഹം  ഓർക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. വിമർശനത്തിന് അതീതനല്ല ഗവർണർ. ഗവർണറെ പേടിക്കേണ്ട കാര്യമില്ലെന്നും ജനങ്ങൾ തിരഞ്ഞെടുത്ത് വന്നവരാണ് മന്ത്രിമാരെന്നും ശിവൻ കുട്ടി കണ്ണൂരിൽ പറഞ്ഞു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം മുഖപത്രം. നിലമറന്ന് ഗവര്‍ണര്‍ എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലിലാണ് വിമര്‍ശനം. ഗവര്‍ണറുടെ നടപടികളും പ്രതികരണങ്ങളും നിയമപരവും യുക്തിസഹവുമല്ലാതായിട്ട് കുറച്ചുകാലമായെന്ന് എഡിറ്റോറിയല്‍ പറയുന്നു. സാമാന്യബോധം പോലും നഷ്ടപ്പെട്ട രീതിയിലാണ് രാജ്ഭവനില്‍ നിന്ന് ഇപ്പോഴുണ്ടായ പ്രതികരണം. ഗവര്‍ണര്‍ക്കുവേണ്ടി രാജ്ഭവന്‍ പി.ആര്‍.ഒ ചെയ്ത ട്വീറ്റ് കടുത്ത ഭീഷണിയാണ്. നയപ്രഖ്യാപനം വായിക്കില്ല എന്നതടക്കം ഗവര്‍ണര്‍ ഇതുവരെ സര്‍ക്കാരിനെ ബുദ്ധിമുട്ടിച്ച കാര്യങ്ങളെല്ലാം എഡിറ്റോറിയലിലുണ്ട്. എന്നിട്ടും അരിശം തീരാതെയാണ് മന്ത്രിമാരെ പിരിച്ചുവിടാന്‍ പുറപ്പെട്ടിരിക്കുന്നത് എന്നാണ് വിമര്‍ശനം. ഭരണഘടനയെ ചവിട്ടിമെതിച്ച് കേന്ദ്രഭരണകക്ഷിയുടെ ചട്ടുകമായി ഗവര്‍ണറെ തുടര്‍ന്നും ഉപയോഗിക്കാനാണ് നീക്കമെങ്കില്‍ കേരളം വഴങ്ങുമെന്ന് പ്രതീക്ഷിക്കരുതെന്നും ദേശാഭിമാനി മുന്നറിയിപ്പ് നല്‍കി.