യുവതിയുടെ ശരീരത്തില്‍ കത്രിക മറന്നുവെച്ച സംഭവം; പ്രതികാര നടപടിയുമായി ഡോക്ടര്‍മാർ

doctors-case
SHARE

യുവതിയുടെ ശരീരത്തില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ പ്രതികാര നടപടിയുമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ഡോക്ടറുമാരുമായി യുവതിയുടെ ഭര്‍ത്താവും ബന്ധുവും സംസാരിക്കുന്ന വിഡിയോ പുറത്തുവിട്ടതിനെതിരെയാണ് ഡോക്ടര്‍മാര്‍ രംഗത്തെത്തിയത്. ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍മാരുടെ പരാതി പൊലീസിന് കൈമാറി.

അനുമതിയില്ലാതെ വിഡിയോ ചിത്രീകരിച്ചു, ചാനലുകള്‍ക്ക് നല്‍കി തുടങ്ങിയ പരാതികളാണ് വനിത ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളജിലെ മാതൃശിശുസംരക്ഷണ കേന്ദ്രം സൂപ്രണ്ടിന് നല്‍കിയത്. ഈ പരാതി സൂപ്രണ്ട് മെഡിക്കല്‍ കോളജ് പൊലീസിന് കൈമാറുകയും ചെയ്തു. അഞ്ചുവര്‍ഷം മുന്‍പ് പ്രസവ ശസ്ത്രക്രിയക്കിടെ ഡോക്ടര്‍മാര്‍ യുവതിയുടെ വയറ്റില്‍ മറന്ന് വെച്ച കത്രിക ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് പുറത്തെടുത്തത്. അതിനു പിന്നാലെയായിരുന്നു പുറത്തെടുത്ത കത്രിക കാണണമെന്ന ആവശ്യവുമായി ഹര്‍ഷിനയുടെ ഭര്‍ത്താവ് ഡോക്ടര്‍മാരെ സമീപിച്ചത്. 

ആ സമയത്താണ് വീഡിയോ ചിത്രീകരിച്ചത്. ഈ വിഡിയോയില്‍ ഉപകരണം സൂപ്രണ്ട് സാക്ഷ്യപ്പെടുത്തിയെന്ന് ഡോക്ടര്‍മാര്‍ സമ്മതിക്കുന്നുണ്ട്. ഇന്ന് വൈകുന്നേരം നാലു മണിക്ക് മെഡിക്കല്‍ കോളജ് സ്റ്റേഷനില്‍ ഹാജരാകണമെന്ന നിര്‍ദേശമാണ് വിഡിയോ ചിത്രീകരിച്ച അഷ്റഫിന് പൊലീസില്‍ നിന്ന് ലഭിച്ചത്. അതേസമയം കത്രിക മറന്നുവെച്ചതില്‍ ആശുപത്രിയുടെ അന്വേഷണ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ ഹര്‍ഷിനയോട് ആവശ്യപ്പെട്ടെങ്കിലും ശാരീരിക പ്രശ്നങ്ങള്‍ കാരണം ഹാജരാകാന്‍ കഴിയില്ലെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. 

സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തിരുന്നു. സൂപ്രണ്ടിനോട് 15 ദിവസത്തിനകം വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. 

Forceps left inside woman's stomach; Doctors move to police case

MORE IN BREAKING NEWS
SHOW MORE