വേഗപ്പൂട്ടില്‍ കൃത്രിമം, അനുവദനീയമല്ലാത്ത ലൈറ്റുകള്‍; 134 ബസുകള്‍ക്കെതിരെ നടപടി

വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ 134 ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി. 11 ബസുകള്‍ വേഗപ്പൂട്ടില്‍ കൃത്രിമം കാണിച്ചു. 18 ബസുകളില്‍ അനുവദനീയമല്ലാത്ത ലൈറ്റുകള്‍ കണ്ടെത്തി. രണ്ടുലക്ഷത്തി പതിനാറായിരം രൂപ ആകെ പിഴ ഈടാക്കി. പരിശോധന പത്ത് ദിവസം നീണ്ടുനില്‍ക്കും. 

ഭൂരിഭാഗം ബസുകളും ഓടുന്നത് നിയമങ്ങളെ വെല്ലുവിളിച്ചാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. എയർഹോണുകളും അനധികൃത ലൈറ്റും ശബ്ദ സംവിധാനവും ഉപയോഗിച്ച ഇതര സംസ്ഥാന ബസുകൾക്കെതിരെയും നടപടിയെടുത്തു.

  

ടൂറിസം കേന്ദ്രങ്ങളും പ്രധാന റോഡുകളും ബസ് സ്റ്റാന്റുകളും  കേന്ദ്രീകരിച്ചായിരുന്നു മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനകൾ. പരിശോധന തുടങ്ങിയതിന് തൊട്ടുപിന്നാലെ ബസ് ജീവനക്കാർക്ക് മുന്നറിയിപ്പ് സന്ദേശങ്ങളെത്തി. പിന്നീട് പരിശോധനയിൽ നിന്ന് രക്ഷപ്പെടാനുള്ള തത്രപ്പാടുകളായിരുന്നു പിന്നീട് കണ്ടത്. 

പിന്നാലെ ബസ്സിനുള്ളിലെ ഡിജെ ലൈറ്റും ശബ്ദ സംവിധാനവും വിച്ഛേദിച്ചു. തട്ടിപ്പ് ഉദ്യോഗസ്ഥർക്ക് ഒറ്റനോട്ടത്തിൽ ബോധ്യപ്പെട്ടു. ഒടുവിൽ ജീവനക്കാരുടെ കുറ്റസമ്മതം. തമിഴ്നാട്ടിൽ നിന്ന് എത്തിയ മൂന്നു ബസ്സുകൾക്കും കൊച്ചിയിൽ പിഴയീടാക്കി. കാക്കനാട് എത്തിയ 20 ടൂറിസ്റ്റ് ബസുകൾക്കെതിരെയും നടപടിയെടുത്തു.

മോട്ടോർ വാഹന വകുപ്പിന് അറിയിക്കാതെ വിനോദയാത്രയ്ക്ക് പോയ റാന്നിയിൽ പിടികൂടി. പത്തനംതിട്ട മൈലപ്രയിൽ കാഴ്ച മറക്കുന്ന കൂളിംഗ് ഫിലിം ഒട്ടിച്ചതും അമിത പ്രകാശ സംവിധാനമുള്ളതുമായ മൂന്നു ബസ്സുകളും പിടികൂടി. തൃശൂർ പാലിയേക്കരയിൽ 7 ടൂറിസ്റ്റ് ബസുകൾക്കെതിരെ പിഴ ചുമത്തി. ഇടുക്കി വണ്ടിപ്പെരിയാറിൽ നടത്തിയ പരിശോധനയിൽ 13 ബസുകൾക്കെതിരെയും ആലപ്പുഴയിൽ 36 ബസുകൾക്കെതിരെയും  നടപടിയെടുത്തു. കഴിഞ്ഞ ദിവസം കണ്ണൂരിൽ  ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച ഡ്രൈവർ  തലശ്ശേരി സ്വദേശി ലിജിന്റെ ലൈസൻസ് റദ്ദാക്കാനുള്ള  നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു. തലശേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാതെ മഴയത്ത് നിർത്തിയ സംഭവത്തിൽ സിഗ്മ ബസിന് 10,000 രൂപ തലശേരി ആർ.ടി.ഒ പിഴയിട്ടു. 

State wide inspection in tourist buses by Motor Vehicle Department