രാജ്യം 5ജി യുഗത്തിലേക്ക്; സേവനങ്ങള്‍ക്ക് പ്രധാനമന്ത്രി തുടക്കമിട്ടു; കുതിപ്പ്

ഇന്ത്യയില്‍ 5ജി യുഗത്തിന് തുടക്കം. െഎതിഹാസിക ദിനമാണെന്നും എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ് എന്നതാണ് ലക്ഷ്യമെന്നും 5ജി സേവനം ഉദ്ഘാടനം െചയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 8 നഗരങ്ങളില്‍ ഇന്ന് സേവനം തുടങ്ങുമെന്നും 2024 മാര്‍ച്ചോടെ രാജ്യമാകെ 5ജി ലഭ്യമാക്കുമെന്നും ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തല്‍ അറിയിച്ചു. 2023 ഡിസംബറോടെ എല്ലാ താലൂക്കിലും ജിയോയുടെ 5ജി സേവനം എത്തുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചു. നിരക്കുകള്‍ ഉടന്‍ പ്രഖ്യാപിക്കും.

ഡല്‍ഹി പ്രഗതി മൈതാനിയില്‍ ആറാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് വേദിയില്‍ പ്രധാനമന്ത്രി ഇന്ത്യയുടെ 5ജി കുതിപ്പിന് തുടക്കമിട്ടു. തിരഞ്ഞെടുത്ത പ്രധാനനഗരങ്ങളിലാണ് 5ജി സേവനങ്ങള്‍ ആദ്യം ലഭ്യമാകുക. ഇന്ത്യയിലെ ആദ്യ 5ജി വിര്‍ച്വല്‍ റിയാലിറ്റി ക്ലാസ് മുറി എയര്‍ടെല്‍ പരിചയപ്പെടുത്തി. വാരാണസിയിലെ വിദ്യാര്‍ഥി ഹോളോഗ്രാമില്‍ മോദിയുമായി സംസാരിച്ചു. ജിയോ ക്ലാസ് മുറിയില്‍ മോദിക്കും വിദ്യാര്‍ഥികള്‍ക്കും ഒപ്പം ഒഡീഷയിലെയും മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും മുഖ്യമന്ത്രിമാര്‍ പങ്കാളികളായി. 

സ്വീഡനിലെ വാഹനം മോദി ഡല്‍ഹിയിലിരുന്ന് ഒാടിച്ചു. ആത്മനിര്‍ഭര്‍ ഭാരത് എന്ന് ആഹ്വാനം ചെയ്തപ്പോള്‍ പലരും തന്നെ പരിഹസിച്ചിരുന്നു എന്നാല്‍ ഇന്ത്യ ഇന്ന് മൊബൈല്‍ ഫോണ്‍ ഉല്‍പാദനത്തില്‍ രണ്ടാംസ്ഥാനത്താണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2ജിയിലെ പോലെയല്ല 5ജി സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി പ്രധാനമാണെന്ന് യുപിഎ സര്‍ക്കാരിന്‍റെ കാലത്തെ അഴിമതിക്കേസിനെ പരോക്ഷമായ പരാമര്‍ശിച്ച് മോദി കൂട്ടിച്ചേര്‍ത്തു.

5ജി നഗരഗ്രാമ വ്യത്യാസം ഇല്ലാതാക്കുമെന്ന് മുകേഷ് അംബാനി പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, ബാങ്കിങ്, ചരക്കുനീക്കം തുടങ്ങി വിവിധ മേഖലകളില്‍ 5ജി മാറ്റം വരുത്തുമെന്ന് െഎടിമന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി. 

PM Modi launches 5G services in India at IMC 2022 in Delhi