ചോദ്യം ചെയ്യലിന് ഹാജരാകാതെ ശ്രീനാഥ് ഭാസി; നാളെ എത്തണമെന്ന് നിർദേശം

അഭിമുഖത്തിനിടെ ഓൺലൈൻ അവതാരകയെ അപമാനിച്ച കേസിൽ നടൻ ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിന് ഹാജരായില്ല. പത്ത് മണിക്ക് മരട് സിഐ മുൻപാകെ ഹാജരാകാനായിരുന്നു നിർദേശം. മറ്റു തിരക്കുകൾ ഉള്ളതിനാൽ വൈകീട്ട് സ്റ്റേഷനിൽ എത്താമെന്ന് നടൻ  അറിയിച്ചെങ്കിലും നാളെ രാവിലെ ഹാജരാകാൻ സിഐ നിർദേശം നൽകി. പൊതുസ്ഥലത്ത് സ്ത്രീകളെ അപമാനിച്ചു അശ്ലീല പദപ്രയോഗം നടത്തി തുടങ്ങി ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ചട്ടമ്പി സിനിമയുടെ അഭിമുഖത്തിനിടെയാണ് ശ്രീനാഥ് അവതാരകയോട് മോശമായി പെരുമാറിയത്. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിൽ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്തശേഷമാകും തീരുമാനം.