'കടിയേറ്റത് നാഡീവ്യൂഹങ്ങളുള്ള ഭാഗത്ത്: മരണകാരണം ഗുരുതരമുറിവുകള്‍': റിപ്പോർട്ട്

സംസ്ഥാനത്ത് വാക്സീന്‍ എടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ച അഞ്ചുപേര്‍ക്കും കാറ്റഗറി മൂന്നില്‍പ്പെട്ട ഗുരുതര മുറിവുകള്‍ പറ്റിയിരുന്നതായി ആരോഗ്യവകുപ്പിന്‍റെ ഡെത്ത് ഒാഡിറ്റ് റിപ്പോര്‍ട്ട്. തലച്ചോറിനു സമീപത്തും നാഡീവ്യൂഹങ്ങള്‍ കൂടുതലുളള കൈകകളിലുമാണ് നായയുടെ കടിയേറ്റത്. വൈറസ് വ്യാപനം ദ്രുതഗതിയില്‍ നടന്നിട്ടുണ്ടാകാമെന്നും ഡെത്ത് ഒാഡിറ്റ് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.   

ഈ വര്‍ഷം സംസ്ഥാനത്ത് നായ കടിയേറ്റ് മരിച്ച 21 പേരില്‍ അഞ്ചുപേരാണ് കൃത്യമായ വാക്സിനേഷന്‍ എടുത്തിരുന്നത്. കണ്ണൂരില്‍ മരിച്ച 60 വയസുളള വ്യക്തിയാണ് അദ്യത്തേയാള്‍. ഇദ്ദേഹത്തിന് മുഖത്തും ചുണ്ടുകളിലും ഗുരുതരമായി പരിക്കേറ്റിരുന്നു. രണ്ടാമത് കോഴിക്കോട് ജില്ലയില്‍ മരിച്ച 67 കാരന് കഴുത്തിലും കൈകളിലുമായിരുന്നു കടിയേററത്.

മൂന്നാമത് ഇരയായ പാലക്കാട് ജില്ലയിലെ പത്തൊമ്പതുകാരി വിദ്യാര്‍ഥിനിക്ക് കൈയിലായിരുന്നു പരിക്ക്. അടുത്തതായി മരണം സംഭവിച്ച കോഴിക്കോട് സ്വദേശിനിയായ 56 കാരിക്കും മുഖത്തും കൈകളിലും ഗുരുതരമായി മുറിവേറ്റിരുന്നു. അഞ്ചാമത്തെയാളായ കഴിഞ്ഞ ദിവസം മരിച്ച അഭിരാമിക്ക് കണ്ണിനു സമീപത്തായിരുന്നു കടിയേററത്. പരിക്കുകള്‍ നാഡീവ്യൂഹങ്ങള്‍ കൂടുതലുളള കൈകളിലും തലച്ചോറിനു സമീപത്തുളള മുഖം , കഴുത്ത്, ചുണ്ട് , ചെവി എന്നിവടങ്ങളിലുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലുളളത്. വാക്സീന്‍ എടുത്ത സമയം വൈകിയിട്ടുണ്ടെങ്കിലും വൈറസ് പടരാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വാക്സീനെടുത്തിട്ടും മരണം സംഭവിച്ചത് എങ്ങനെയെന്നുളളതില്‍ കൂടുതല്‍  പരിശോധന കഴിഞ്ഞയാഴ്ച നിയോഗിച്ച വിദഗ്ധസമിതി ആരംഭിച്ചിട്ടുണ്ട്.