തെരുവുനായ പ്രശ്നം കോടതിയിൽ: കേസ് വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ്

കേരളത്തിലെ തെരുവുനായ പ്രശ്നം പരിശോധിക്കാമെന്ന് സുപ്രീം കോടതി. ഇക്കാര്യം ഉന്നയിച്ചുള്ള ഹര്‍ജി വെള്ളിയാഴ്ച്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത് അറിയിച്ചു. കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്നതില്‍ നിന്ന് നായകളുടെ സ്വന്തം നാടായി മാറിയെന്ന് വിഷയം കോടതിയുടെ ശ്രദ്ധയില്‍ക്കൊണ്ടുവന്ന് അഭിഭാഷകനായ വി.കെ ബിജു ചൂണ്ടിക്കാട്ടി. കേരളത്തില്‍ തെരുവുനായ ശല്യം വന്‍തോതില്‍ വര്‍ധിച്ചു. കുട്ടികളും പാവപ്പെട്ടവരുമാണ് തെരുവുനായ ശല്യത്തിന് ഇരകളാകുന്നവരില്‍ ഏറെയും. പേവിഷ പ്രതിരോധ വാക്സീന്‍ എടുത്തിട്ടും മരണങ്ങളുണ്ടാകുന്നു. സുപ്രീംകോടതി നിയോഗിച്ച ഉന്നത സമിതി അധ്യക്ഷന്‍ ജസ്റ്റിസ് എസ് സിരിജഗനില്‍ നിന്ന് റിപ്പോര്‍ട്ട് തേടണമെന്നും അഭിഭാഷകന്‍ അഭ്യര്‍ഥിച്ചു.