‘കറുത്ത മാസ്കിനോട് പോലും അസഹിഷ്ണുത’; മുഖ്യമന്ത്രിക്ക് സിപിഐയിൽ വിമർശനം

മുഖ്യമന്ത്രിക്കും, സര്‍ക്കാരിനും. സിപിഎമ്മിനുമെതിരെ ഗുരുതര വിമര്‍ശനവുമായി സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോര്‍ട്ട്. കെറയില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചത് ധാര്‍ഷ്ട്യത്തോടെയാണ്. സിപിഐയ്ക്ക് ഘടകകക്ഷിയെന്ന പരിഗണന ലഭിക്കുന്നില്ലെന്നും ജില്ലാസമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ഒട്ടേറെ പ്രതിഷേധങ്ങള്‍ നടത്തിയിട്ടുള്ള പിണറായി വിജയന്‍ തന്നെ മാസ്കിനെ ഭയപ്പെടുന്നത് ജനാധിപത്യപരമല്ല. കെറയില്‍ വിഷയം ശബരിമല പ്രശ്നം പോലെ വഷളാക്കി. ഇതിന്‍റെ തിരിച്ചടി സര്‍ക്കാരിന് ലഭിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നല്ലതല്ലാത്ത ചിലതും നടക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെപ്പോലും നാണിപ്പിക്കുന്ന വിധമാണ് പ്രവര്‍ത്തനം.  

ഇടത് സര്‍ക്കാരിനെ പിണറായി സര്‍ക്കാര്‍ എന്നാണ് സിപിഎം വിശേഷിപ്പിക്കുന്നത്. ഭരണം വണ്‍മാന്‍ഷോ ആക്കാനുള്ള ശ്രമമാണ്. സിപിഎം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സിപിഐയും പേരുദോഷം കേള്‍ക്കുന്നു. സിപിഎം കള്ളവോട്ടിലൂടെ അടക്കം സഹകരണ സംഘങ്ങള്‍ പിടിച്ചെടുക്കുന്നു. സിപിഎം ഭരിക്കുന്ന സഹകരണസംഘങ്ങളാണ് പ്രതിസന്ധിയില്‍ ആകുന്നതില്‍ ഏറെയും. പത്തനംതിട്ടയില്‍ സിപിഎം ഭരിക്കുന്ന 35 സഹകരണ സംഘങ്ങള്‍ പ്രതിസന്ധിയിലാണ്.  സിപിഎം എംപ്ലോയ്മെന്‍റ് സംവിധാനത്തെ നോക്കുകുത്തിയാക്കി. കുടുംബശ്രീകളില്‍പോലും പിന്‍വാതില്‍ നിയമനമാണ് നടക്കുന്നത്. സിപിഐയുടെ വിദ്യാര്‍ഥി പ്രസ്ഥാനമായ എ.ഐ.എസ്.എഫിനോട് എസ്.എഫ്.ഐ. പുലര്‍ത്തുന്നത് ഫാസിസ്റ്റ് മനോഭാവമാണ്. രാഷ്ട്രീയ റിപ്പോര്‍ട്ടിന്‍റെ എട്ടാംപേജിലാണ് പരാമര്‍ശങ്ങള്‍. സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ യോഗത്തിന് എത്തിയില്ല. പന്യന്‍ രവീന്ദ്രന്‍, മന്ത്രി ജെ.ചിഞ്ചുറാണി, സി.ദിവാകരന്‍ തുടങ്ങി പ്രമുഖരായ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനങ്ങള്‍.