പൊതുമേഖല ബാങ്കുകൾ സ്വകാര്യവല്‍ക്കരിക്കാൻ കേന്ദ്രനീക്കം; ചർച്ച നടത്തി

ബാങ്കിങ് മേഖലയില്‍ സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണത്തിന് കേന്ദ്രസര്‍ക്കാര്‍ നീക്കം. പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനുള്ള ബില്‍ പാര്‍ലമെന്‍റിന്‍റെ വര്‍ഷകാലസമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. റിസര്‍വ് ബാങ്കുമായി ധനമന്ത്രാലയം ചര്‍ച്ച നടത്തി. 1970ലെ ബാങ്കിങ് കമ്പനി നിയമപ്രകാരം പൊതുമേഖല ബാങ്കുകളുടെ 51 ശതമാനം ഒാഹരികള്‍ സര്‍ക്കാരിന്‍റെ കൈവശമായിരിക്കണം. ഇത് ഭേദഗതിചെയ്ത് ബാങ്കിങ് രംഗത്തേയ്ക്ക് സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണത്തിന് വഴിയൊരുക്കാനാണ് നീക്കം. പൊതുമേഖല ബാങ്കുകളിലെ സര്‍ക്കാരിന്‍റെ ഒാഹരി പങ്കാളിത്തം 26 ശതമാനമായി കുറയ്ക്കാനായിരുന്നു നേരത്തെ ആലോചിച്ചിരുന്നത്. നിക്ഷേപകരുടെ ഭാഗത്തുനിന്നും അനുകൂല പ്രതികരണമുണ്ടായതോടെ കൂടുതല്‍ ഒാഹരി വില്‍പ്പനയിലേയ്ക്ക് കടക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

ബാങ്കിങ് ബില്‍ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. ജൂലൈ 18ന് സമ്മേളനം തുടങ്ങുമെന്നാണ് സൂചന. സമ്മേളന തിയതി അന്തിമമാക്കിയിട്ടില്ല. സ്വകാര്യവല്‍ക്കരണം നടപ്പാക്കുമ്പോള്‍ ബാങ്കുകളുടെ ഉടമസ്ഥാവകാശം, നിയന്ത്രണം എന്നിവ എങ്ങിനെയായിരിക്കണമെന്നത് സംബന്ധിച്ച് റിസര്‍വ് ബാങ്കുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി. െഎഡിബിെഎ ബാങ്കിന്‍റെ ഒാഹരി വല്‍പനയ്ക്കുള്ള താല്‍പര്യപത്രം ജൂലൈ അവസാനം പുറത്തിറക്കും. രണ്ടു പൊതുമേഖല ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. സെന്‍ട്രല്‍ ബാങ്ക് ഒാഫ് ഇന്ത്യയുടെയും ഇന്ത്യന്‍ ഒാവര്‍സീസ് ബാങ്കിന്‍റെയും ഒാഹരികളാണ് വില്‍ക്കാന്‍ ആലോചനയുള്ളതെന്നാണ് സൂചന. നീതി ആയോഗ് ഒാഹരി വില്‍പനയ്ക്ക് ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ട്.