തകില്‍ വിദ്വാന്‍ കരുണാമൂര്‍ത്തി അന്തരിച്ചു

രാജ്യാന്തര പ്രശസ്തനായ തകില്‍ വിദ്വാന്‍ കരുണാമൂര്‍ത്തി അന്തരിച്ചു. 54 വയസായിരുന്നു. ഉദരസംബന്ധമായ രോഗത്തെത്തുടര്‍ന്ന് ഉച്ചയ്ക്ക് 2.50ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തകില്‍ വാദ്യത്തെ പാശ്ചാത്യസംഗീത ഉപകരണങ്ങള്‍ക്കൊപ്പം ആഗോളതലത്തില്‍ സമന്വയിപ്പിച്ച കരുണാമൂര്‍‌ത്തി കലാകാരനില്‍ കവിഞ്ഞ മനുഷ്യസ്നേഹി ക‌ൂടിയായാണ് ഒാര്‍മിക്കപ്പെടുക. 

തകിലും നാദസ്വരവും ചേര്‍ന്നാലുണ്ടാകുന്ന മേളത്തിനപ്പുറത്തേക്ക് മറ്റ് സാധ്യതകളൊന്നും കല്‍പിക്കാതിരുന്ന കാലത്താണ് കരുണാമൂര്‍ത്തി തകിലിനെ ആഗോളതലത്തില്‍ പ്രതിഷ്ഠിക്കുന്നത്. ദക്ഷിണേന്ത്യന്‍ വിവാഹവേദികളിലെ മേളത്തില്‍ നിന്ന് തകിലിനെ പാശ്ചാത്യസംഗീത ഉപകരണങ്ങള്‍ക്കൊപ്പം ചേര്‍ത്തുവച്ച് ഫ്യൂഷന്‍ സംഗീതത്തില്‍ കരുണാമൂര്‍ത്തി പുതുതലമുറയ്ക്ക് സാധ്യത തുറന്നുകാട്ടി. 

പത്താം വയസില്‍ ഹരിപ്പാട് നാരായണപ്പണിക്കരില്‍നിന്ന് തകില്‍ അഭ്യസിച്ച് തുടങ്ങിയ കരുണാമൂര്‍ത്തി തകിലില്‍ മനോധര്‍‌മം അടക്കം ശീലിച്ചത് വളയപ്പട്ടി സുബ്രഹ്മണ്യം, മണ്ണാര്‍കുടി വാസുദേവന്‍ എന്നിവരുടെ ശിക്ഷണത്തിലാണ്. ഇതര സംഗീതജ്ഞരുമായുള്ള കൂടിച്ചേരലുകളില്‍നിന്ന് ആഗോളതലത്തിലേക്ക് കൊട്ടിക്കയറിയ കരുണാമൂര്‍ത്തി പാശ്ചാത്യവേദികളില്‍ അടയാളപ്പെട്ടു. സ്പെയിനിലെ ഫ്ളെമെംഗോ നര്‍ത്തകിയായ ബെറ്റിന കോസ്റ്റാനോയ്ക്കൊപ്പം ഒട്ടേറെ വേദികളില്‍ തകില്‍വായിച്ച കരുണാമൂര്‍ത്തിക്കൊപ്പം ചെണ്ടയുമായി മട്ടന്നൂരും എത്തിയത് പില്‍ക്കാല ചരിത്രം. 

ഭാരതീയ പരമ്പരാഗത സംഗീതത്തിന് നല്‍കിയ സംഭാവനയ്ക്ക് കാഞ്ചി കാമകോടി പീഠത്തിന്റെ ആസ്ഥാന വിദ്വാന്‍ ബഹുമതി കരുണാമൂര്‍ത്തിക്ക് ലഭിച്ചു. കലാകാരന്‍ എന്നതിനപ്പുറം തികഞ്ഞ മനുഷ്യസ്നേഹികൂടിയായി കരുണാമൂര്‍ത്തിയെ പലകുറി കണ്ടു. സംഗീതം മരുന്നിനോളം പോന്നതാണെന്ന് വിശ്വസിച്ച കലാകാരന്‍. പ്രളയ കാലത്തടക്കം ആശ്വാസമായി  ജനസഞ്ചയത്തിനിടയിലേക്ക് തകിലുമായി ഇതരസംഗീതജ്ഞരെ കൂട്ടിയിറങ്ങിയ കരുണാമൂര്‍ത്തിയേയും മറക്കാന്‍ കഴിയില്ല. കാന്‍സര്‍ അതിജീവനം ലക്ഷ്യമിട്ട് മനോരമ ന്യൂസ് തുടരുന്ന കേരള കാനിലേക്കും പ്രത്യാശയുടെ തകില്‍വാദനവുമായി കരുണാമൂര്‍ത്തി എത്തിയിരുന്നു.