തീവ്രവാദ സ്വഭാവമുള്ള സംഘടനകൾക്കായി വിവരം ചോർത്തി; പൊലീസുകാർക്കെതിരെ അന്വേഷണം

മൂന്നാർ പൊലീസ് സ്റ്റേഷനിൽ നിന്ന് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയതുമായി ബന്ധപ്പെട്ട് വിശദ അന്വേഷണത്തിന് ശുപാർശ. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രാഥമിക അന്വേഷണം നടത്തിയ മൂന്നാർ ഡിവൈഎസ്പി നൽകിയ റിപ്പോർട്ടിലാണ് വിശദ അന്വേഷണത്തിന് ശുപാർശ ചെയ്തിരിക്കുന്നത്.

തീവ്രവാദ സ്വഭാവമുള്ള സംഘടനകൾക്ക് സ്റ്റേഷനിൽ നിന്ന് വിവരങ്ങൾ ചോർത്തി നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. ഇവരുടെ മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്ത് പരിശോധനയ്ക്കായി സൈബർ സെല്ലിനു കൈമാറിയിരുന്നു. ചില നിർണായക വിവരങ്ങൾ ഇതുവഴി ലഭിച്ചതായാണ് സൂചന. ഇതിൽ ഉൾപ്പെട്ട ഒരു ഉദ്യോഗസ്ഥനെ കഴിഞ്ഞയാഴ്ച മുല്ലപ്പെരിയാർ സ്റ്റേഷനിലേക്കു സ്ഥലംമാറ്റുകയും ചെയ്തിരുന്നു.  ഇതിനുപിന്നാലെ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രാഥമിക അന്വേഷണം നടത്തിയ മൂന്നാർ ഡിവൈഎസ്പി കെ. ആർ. മനോജ്‌ നൽകിയ റിപ്പോർട്ടിലാണ് വിശദ അന്വേഷണത്തിന് ശുപാർശ ചെയ്തിരിക്കുന്നത്. 

ആറുമാസം മുമ്പ് സമാനരീതിയിൽ തൊടുപുഴ കരിമണ്ണൂർ സ്റ്റേഷനിൽനിന്ന് മതതീവ്രവാദ സംഘടനകൾക്ക് വിവരം ചോർത്തിനൽകിയ പി കെ അനസ് എന്ന പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണം നടത്തി പിരിച്ചുവിട്ടിരുന്നു. പൊലീസ് ഡാറ്റാ ബേസിൽ നിന്ന് വിവരങ്ങൾ ചോർത്തി നൽകിയെന്നതായിരുന്നു കണ്ടെത്തൽ.