ടെക്സസിലെ സ്കൂളിൽ കൂട്ടക്കൊല നടത്തി 18 കാരൻ; 21 പേർ കൊല്ലപ്പെട്ടു

അമേരിക്കയിലെ ടെക്സസില്‍ സ്കൂളിലുണ്ടായ വെടിവയ്പില്‍ 21 പേര്‍ കൊല്ലപ്പെട്ടു.  19 കുട്ടികളും അധ്യാപികയുള്‍പ്പെടെ രണ്ട് മുതിര്‍ന്നവരുമാണ് കൊല്ലപ്പെട്ടത്. സാന്‍ അന്റോണിയോ സ്വദേശിയായ  18കാരന്‍ സാല്‍വദോര്‍ റമോസാണ് അക്രമം നടത്തിയത്. ഏറ്റുമുട്ടലില്‍ സാല്‍വദോറും കൊല്ലപ്പെട്ടു.  രണ്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റു.

യുവാള്‍ഡിയിലെ റോബ് എലമെന്ററി സ്കൂളിലായിരുന്നു വെടിവയ്‌പ് നടത്തിയത്. 18 കാരനായ തോക്കുധാരി തന്റെ മുത്തശ്ശിയെ വെടിവെച്ചിട്ട ശേഷം സ്കൂളിലേക്ക് എത്തുകയും  പിഞ്ചു കുട്ടികൾക്കുനേരെ നിറയൊഴിക്കുകയുമായിരുന്നുവെന്ന് ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആക്രമണത്തിന് മണിക്കൂറുകൾക്കു മുൻപ് തോക്കിന്റെ ചിത്രങ്ങൾ റമോസ്‌ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. 

കൊല്ലപ്പെട്ട കുട്ടികൾ ഏഴ് വയസിനും പത്ത് വയസിനും ഇടയിൽ പ്രായമുള്ളവരാണ്. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.പലരുടെയും നില ഗുരുതരമാണ്. ആക്രമണത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.ഇയാളുടെ മനോനില ഉൾപ്പെടയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.തോക്കു നയത്തിൽ കാര്യമായ മാറ്റം കൊണ്ടുവരണമെന്ന വികാരം അമേരിക്കയിൽ ശക്തമായി.പ്രായപൂർത്തിയായ ആർക്കും മാനസികപ്രശ്നങ്ങൾ ഇല്ലെങ്കിൽ,ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ സ്വയ രക്ഷക്കായി അമേരിക്കയിൽ തോക്കു കൈവശം വയ്ക്കാം. കുട്ടികൾ ഭയന്നാണ് സ്കൂളിൽ എത്തുന്നതെന്ന് ഡെമോക്രാറ്റ് സെനറ്റർ ക്രിസ്റ്റഫർ മർഫി വ്യക്തമാക്കി.

തോക്കു നയത്തിൽ അടിയന്തിര മാറ്റം വേണമെന്നാണ് വൈസ്പ്രസിഡണ്ട് കമലാഹാരിസ് ആവശ്യപ്പെട്ടത്. ഇനിയും ക്ഷമിക്കാനാവില്ലെന്നു വ്യക്തമാക്കിയ പ്രസിഡണ്ട് ജോ ബൈഡൻ തോക്കു നയത്തിൽ മാറ്റം കൊണ്ടുവരുമെന്ന സൂചനയും നൽകി.