രാജീവ് ഗാന്ധി വധക്കേസ്; മോചനത്തിന് നീക്കവുമായി മറ്റ് പ്രതികൾ

പേരറിവാളന്റെ മോചനത്തിനു പിന്നാലെ രാജീവ്ഗാന്ധി വധക്കേസിലെ മറ്റു പ്രതികള്‍ മോചനത്തിനായി നീക്കങ്ങള്‍ തുടങ്ങി. നളിനി മുരുകനു വേണ്ടി അടുത്തദിവസം തന്നെ ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി നല്‍കുമെന്നു അഭിഭാഷകന്‍ മനോരമ ന്യൂസിനോടു സ്ഥിരീകരിച്ചു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എത്രയും പെട്ടെന്നു മോചിപ്പിക്കണമെന്നാണു ഹര്‍ജിയിലെ ആവശ്യം. 

മുരുകന്‍, ശാന്തന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ്, പി.രവിചന്ദ്രന്‍, നളിനി മുരുകന്‍ എന്നിവരാണു രാജീവ്ഗാന്ധി വധക്കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്. 20 വര്‍ഷം തടവു ശിക്ഷ പൂര്‍ത്തിയാക്കിയവരെ മോചിപ്പിക്കുന്നതു സംസ്ഥാന സര്‍ക്കാരിന് ഗവര്‍ണറുടെ അംഗീകാരമില്ലാതെതീരുമാനമെടുക്കാമെന്നാണു പേരറിവാളന്റെ കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയത്. ഈവിധിയോടെ  ജീവപര്യന്തം തടവു കാലാവധി കഴിഞ്ഞ ആറുപേരും നിലവില്‍ നിയമവിരുദ്ധ തടങ്കലിലാണെന്നു വ്യക്തമായെന്നാണ് നളിനിയുടെ അഭിഭാഷകന്‍ പറയുന്നത്. പേരറിവാളന്‍ സുപ്രീം കോടതിയെ സമീപിച്ച സമയത്തു തന്നെ, സമാന ആവശ്യമുയര്‍ത്തി നളിനി മദ്രാസ് ഹൈക്കോടതിയിലെത്തിയിരുന്നു. ജൂണ്‍ ആറിന് ഈ കേസ് കോടതി പരിഗണിക്കുമ്പോള്‍ സുപ്രീം കോടതി വിധി ഹാജരാക്കും.

നിലവില്‍ നളിനി മാത്രമേ മോചനം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചിട്ടുള്ളു. അതേ സമയം പ്രതികളെ മോചിപ്പിക്കുന്നതു സംബന്ധിച്ചു തമിഴ്നാട് സര്‍ക്കാര്‍ നിയമവിദഗ്ധരുമായി ചര്‍ച്ച തുടങ്ങി.