വിസ്മയ സ്ത്രീധന പീഡനക്കേസ്; കിരൺ കുമാറിന് പത്ത് വർഷം തടവ്

kirannewwww-24
SHARE

വിസ്മയ സ്ത്രീധന പീഡന മരണക്കേസിൽ പ്രതി കിരൺകുമാറിന് പത്ത് വർഷം തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചു . വിവിധ വകുപ്പുകളിൽ 25 വർഷം തടവു വിധിച്ചെങ്കിലും ഉയർന്ന ശിക്ഷയായ പത്തു വർഷം അനുഭവിച്ചാൽ മതി. രാജ്യം ഉറ്റുനോക്കിയ കേസിൽ ജീവപര്യന്തം പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും പ്രതിയുടെ പ്രായവും വീട്ടിലെ സാഹചര്യവും സാമൂഹിക പശ്ചാത്തലവും കണക്കിലെടുത്താണ് ശിക്ഷ പത്തു വർഷമാക്കി വിചാരണ കോടതി ജഡ്ജി കെ എൻ സുജിത്ത് വിധിച്ചത്.

രാജ്യം ഉറ്റുനോക്കിയ വിസ്മയ കേസിലെ ശിക്ഷ ഇതാണ്

സ്ത്രീധന പീഡന മരണം 304 (ബി) പ്രകാരം പത്തു വർഷം തടവ്.  ആത്മഹത്യ പ്രേരണ 306 പ്രകാരം ആറു വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും .498 (എ) പ്രകാരം രണ്ടു വർഷം തടവും അൻപതിനായിരം രൂപ പിഴയും സ്ത്രീധന നിരോധന നിയമം 3 ,4 വകുപ്പുകൾ പ്രകാരം യഥാക്രമം ആറും ഒന്നു വർഷം തടവും 10 ലക്ഷവും 5000 രൂപ പിഴയുമാണ് ശിക്ഷ വിധി. പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം അധികമായി ജയിലിൽ കഴിയണം. പിഴ തുകയിൽ നിന്ന് 2 ലക്ഷം വിസ്മയയുടെ അമ്മയ്ക്ക് നൽകണം.  

ശിക്ഷ വിധിക്കും മുൻപ് രൂക്ഷമായ വാദ പ്രതിവാദമാണ് കോടതിയിൽ നടന്നത് . അച്ഛന്റെയും അമ്മയുടെയും രോഗ അവസ്ഥ കിരൺ കോടതിയെ നേരിട്ട് അറിയിച്ചു. ആത്മഹത്യയും കൊലപാതകവും ഒന്നായി കാണരുതെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ അഭ്യർഥിച്ചു. സമാന സ്വഭാവമുള്ള സുപ്രീകോടതി വിധി പകർപ്പുകളും കോടതിയിൽ ഹാജരാക്കി. കൈയടിക്ക് വേണ്ടി പരമാവധി ശിക്ഷ എന്നതല്ല കോടതി കണ്ടത്. കുറ്റവാളികൾ സ്ഥിരം രക്ഷപെടുന്ന സ്ത്രീധന പീഡന മരണക്കേസിൽ പത്തു വർഷമെന്ന ശിക്ഷ നൽകി കോടതി നീതി ഉറപ്പാക്കി.

MORE IN BREAKING NEWS
SHOW MORE