വെയര്‍ഹൗസിലെ മദ്യം ബാറുകളിലേക്ക്; ഔ​ട​് ലെ​റ്റു​കളിൽ ക്ഷാമം: സന്ദേശം പുറത്ത്

ഔട്്ലെറ്റുകളിലെ വിലകുറഞ്ഞ മദ്യത്തിന്‍റെ ക്ഷാമത്തിനു കാരണം, വെയര്‍ഹൗസുകളിലെത്തുന്ന  മദ്യത്തിന്‍റെ പകുതിയില്‍ കൂടുതലും ബാറുകളിലേക്ക് പോകുന്നതിനാലെന്നു ആരോപണം. ബാറുകള്‍ക്ക് സഹായകരമായ രീതിയില്‍ ബവ്കോ ഓപറേഷന്‍ മാനേജര്‍ അയച്ച സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വിരമിച്ച ഉദ്യോഗസ്ഥന്‍ അജി ശ്രീധറിനെ ഓപറേഷന്‍ മാനേജരായി നിയമിച്ചത് നിലവിലെ ചട്ടങ്ങള്‍ മറികടന്നെന്നും പരാതി. 

വെയര്‍ഹൗസുകളിലെത്തുന്ന മദ്യത്തിന്‍റെ 70ശതമാനം ഔട്്ലെറ്റുകളിലേക്കും , 20 ശതമാനം ബാറുകളിലേക്കും, 10 ശതമാനം കണ്‍സ്യൂമര്‍ഫെഡ് ഔട്്ലെറ്റുകളിലേക്കുമെന്നതാണ് ബവ്കോ നയം. നിലവില്‍ ബാറുകളുടെ എണ്ണം 600 കടന്നു മുന്നേറിയപ്പോള്‍ ഈ നയം പാലിക്കാത്തതാണ് ഔട്്ലെറ്റുകളിലെത്തുന്ന മദ്യത്തിന്‍റെ എണ്ണത്തില്‍ കുറവു വരാന്‍ കാരണം. ബാറുകള്‍ക്ക് ഓണ്‍ലൈനില്‍ മദ്യം കിട്ടുന്നതിനു സഹായകരമായ രീതിയില്‍ അയച്ച മെയില്‍ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബവ്റിജസ് കോര്‍പറേഷനിലെ ഓപറേഷന്‍ മാനേജര്‍ തസ്തിക പ്രൊമോഷനായി നികത്തേണ്ട തസ്തികയായിരുന്നിട്ടും വിരമിച്ച ഉദ്യോഗസ്ഥനെ പദവിയിലേക്ക് കൊണ്ടുവന്നത് ചട്ടങ്ങള്‍ മറികടന്നാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. മാത്രമല്ല ഇദ്ദേഹത്തിനു മതിയായ പ്രവര്‍ത്തന പരിചയവും യോഗ്യതയും ഇല്ല. 

അവധിയെടുത്ത് വിദേശത്തായിരുന്ന ഇദ്ദേഹം വിരമിക്കുന്നതിനു തൊട്ടു മുന്‍പ് തിരിച്ചെത്തി തസ്തികയിലെത്തുകയായിരുന്നു. വലിയ പര്‍ച്ചേസ് ഉത്തരവുകളില്‍ ഒപ്പിടാന്‍ അധികാരമില്ലതിരുന്നിട്ടും അക്കാര്യങ്ങള്‍ മറികടക്കുന്നെന്നും യൂണിയനുകള്‍ ആരോപിക്കുന്നു. എന്നാല്‍ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നാണു ബവ്റിജസ് കോര്‍പറേഷന്‍ എം.ഡിയുടെ വിശദീകരണം. സര്‍ക്കാരാണ് ഓപറേഷന്‍ മാനേജറെ നിയമിച്ചതെന്നും , നിയമനം പുതുക്കുന്നതിനായി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും എം.ഡി വിശദീകരിച്ചു.