ആരോഗ്യമന്ത്രിയെ തുണച്ച് സിപിഎം: ചിറ്റയത്തിന്റെ ആരോപണം വിചിത്രം

ആരോഗ്യ മന്ത്രി വീണ ജോർജും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും തമ്മിലുള്ള പോര് മുറുകുന്നു. പരസ്യമായി വിമർശിച്ച ചിറ്റയം ഗോപകുമാറിന് ഗൂഢ ലക്ഷ്യങ്ങളാണെന്ന് ആരോപിച്ച് വീണാ ജോർജ് എൽഡിഎഫിൽ പരാതി നൽകി. മന്ത്രിയുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയും നിലപാട് എടുത്തു.

ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ് അടൂര്‍ മണ്ഡലത്തിലെ പരിപാടികള്‍ അറിയിക്കാറില്ല. വിളിച്ചാല്‍ ഫോണെടുക്കില്ല. ഗുരുതര അവഗണന എന്നായിരുന്നു ചിറ്റയത്തിന്‍റെ പരസ്യ വിമര്‍ശനം. വിമര്‍ശനം ആരോഗ്യമന്ത്രിക്കു കൊണ്ടു. ചിറ്റയത്തിന് ഗൂഢലക്ഷ്യമുണ്ടെന്ന് കാട്ടി എല്‍ഡിഎഫില്‍ പരാതി നല്‍കി. സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തിന്‍റെ ഭാഗമായി പത്തനംതിട്ടയില്‍ സംഘടിപ്പിച്ച എന്‍റെ കേരളം പരിപാടിയിലാണ് ചിറ്റയം വീണാ ജോര്‍ജ് അടി പൊട്ടിയത്. വേണമെങ്കില്‍ ഫോണ്‍കോള്‍ രേഖകള്‍ വരെ പരിശോധിക്കാമെന്നാണ് ആരോഗ്യമന്ത്രിയുടെ നിലപാട്. 

വീണാ ജോര്‍ജിനെതിരെ ഉള്ള ആരോപണങ്ങള്‍ ആദ്യമല്ല. കായംകുളം എംഎല്‍എ യു.പ്രതിഭ അടക്കമുള്ളവര്‍ വിളിച്ചാല്‍ ഫോണെടുക്കില്ല എന്ന ആരോപണം പേര് പറയാതെ മുന്‍പ് ഉന്നയിച്ചിട്ടുള്ളതാണ്. പത്തനംതിട്ടയിൽ നിന്നുള്ള മുൻ സംസ്ഥാന കമിറ്റി അംഗംവരെ പരാതി നൽകിയവരുടെ പട്ടികയിലുണ്ട്. ആരോഗ്യമന്ത്രിക്ക് സിപിഎം ജില്ലാ നേതൃത്വം പിന്തുണ അറിയിച്ചു. മകളുടെ കല്യാണത്തിന് വിളിച്ചില്ലെന്ന് പിതാവ് പരാതി പറയുന്നത് പോലെ വിചിത്രമാണ് അടൂർ എംഎൽഎയുടെ ആരോപണമെന്നാണ് സി പി എം ജില്ലാ സെക്രട്ടറിയുടെ വിശദീകരണം.

മന്ത്രിയുടെ പരാതി സ്വീകരിച്ച എൽഡിഎഫ് വിഷയം ഉടൻ ചർച്ചക്കെടുക്കുമെന്നാണ് സൂചന. തൃക്കാക്കര ഉപതെരെഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ പരസ്യമായ ആരോപണ പ്രത്യാരോപണങ്ങൾ ഒഴിവാക്കണമെന്നാണ് ഔദ്യോഗിക നിര്‍ദേശം.