മുഴുവൻ സമയ അധ്യക്ഷൻ വേണം; ചിന്തൻ ശിബിരം രണ്ടാം ദിനം നടന്നത്

sonia-rahul-kc-2
SHARE

ഉദയ്പൂർ ചിന്തൻ ശിബിരത്തിലെ പ്രമേയങ്ങൾ അന്തിമ രൂപത്തിലേക്ക്. മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന് അന്തിമ രാഷ്ട്രീയ കാര്യ പ്രമേയം. പാർലമെന്ററി ബോർഡ് പുനസ്ഥാപിക്കണമെന്ന്  സംഘടന കാര്യ പ്രമേയം. അതേസമയം രാഹുൽ അധ്യക്ഷനാകണമെന്ന ആവശ്യം സജീവമായി ഉയരുന്നുണ്ടെന്നും പ്രമേയങ്ങളിലെ നിർദേശങ്ങളിൽ നിന്ന് ചർച്ച വ്യതിചലിച്ച് പോകാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്നും ശക്തി സിങ് ഗൊഹിൽ എംപി മനോരമ ന്യൂസിനോട് പറഞ്ഞു.

ചിന്തൻ ശിബിരത്തിനായി രൂപീകരിച്ച ആറ് സമിതികൾ അന്തിമ പ്രമേയങ്ങളിൽ നിർണായക നിർദേശങ്ങളാണ് മുന്നോട്ട് വച്ചിട്ടുള്ളത്.  പാർട്ടിയെ നയിക്കാൻ സ്ഥിരതയുള്ള മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന് രാഷ്ട്രീകാര്യ അന്തിമ പ്രമേയം നിർദ്ദേശിക്കുന്നു. ജനകീയ വിഷയങ്ങൾ ഉയർത്തി പദയാത്രകൾ നടത്തണം. പ്രാദേശിക പാർട്ടികള വോട്ട് ബാങ്കിലേക്ക് കടക്കാൻ അനുവദിക്കരുതെന്നും നിർദ്ദേശമുണ്ട്. പാർലമെന്ററി ബോർഡ് പുനസ്ഥാപിക്കണമെന്നും തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ, തിരഞ്ഞെടുപ്പ് പ്രചാരണം എന്നിവക്ക് മേൽ നോട്ട വഹിക്കാൻ എഐസിസി ജനറൽ സെക്രട്ടറിയുടെ നേത്യത്വത്തിൽ സമിതി വേണമെന്നും സംഘടന കാര്യ അന്തിമ പ്രമേയത്തിൽ പറയുന്നു.

പാർലമെൻററി ബോർഡിൽ യുവാക്കൾക്ക് പ്രാതിനിധ്യം നൽകണമെന്നും പദവികളിൽ 50% യുവാക്കൾ വേണമെന്നുമാണ് യുവജനകാര്യ പ്രമേയത്തിലെ നിർദ്ദേശം. മുഖ്യമന്ത്രിപദവിയിലേക്ക് യുവാക്കളെ പരിഗണിക്കണമെന്ന് സമിതിയിൽ സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടു. സാമൂഹിക നീതി സമിതിയുടെ പ്രമേയം പാർട്ടി പദവികളിൽ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങൾക്ക് 50% പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് നിർദേശിക്കുന്നു. രാഹുൽ അധ്യക്ഷനാകണമെന്ന ആവശ്യം അജണ്ടയിൽ ഇല്ലാതിരുന്നിട്ടും സമിതി ചർച്ചകളിൽ നേതാക്കൾ ഇന്നും ഉന്നയിച്ചു. സംഘടനയെ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധയൂന്നേണ്ട  അധ്യക്ഷ പദ ചർച്ച ഉയരുന്നതിൽ രാഹുൽ ഗാന്ധിക്ക് അതൃപ്തിയുണ്ട്.

MORE IN BREAKING NEWS
SHOW MORE