റിഫയുടെ ആന്തരികാവയവങ്ങൾ പരിശോധിക്കും: പോസ്റ്റ്മോർട്ടം റിപ്പോർട്ട് നാളെ സമർപ്പിക്കും

ദുരൂഹ സാഹചര്യത്തിൽ മരിച്ച വ്ളോഗർ റിഫ മെഹ്നുവിന്റെ ആന്തരികാവയവങ്ങൾ പരിശോധനയക്ക് അയച്ചു. ശരീരത്തിൽ വിഷാംശം ഉണ്ടോ എന്നത് ഉൾപ്പടെയാണ്  പരിശോധിക്കുന്നത്. റിഫയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നാളെ പൊലീസിന് സമർപ്പിച്ചേക്കും. 

വ്‌ളോഗറും ആൽബം താരവുമായ റിഫ മെഹ്‌നുവിന്റെ ദുരൂഹമരണത്തിൽ പൊലീസിന്റെ അന്വേഷണവും ഫോറൻസിക് വിദഗ്ധരുടെ പരിശോധനയും തുടരുകയാണ്. ഇന്നലെ റിഫയുടെ മൃതദേഹം ഖബറിടത്തിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. റിഫയുടെ ആന്തരികാവയവങ്ങൾ  വിശദമായി പരിശോധിക്കും. വിഷം ഉള്ളിൽ ചെന്നിട്ടുണ്ടോ എന്നതുൾപ്പടെ കണ്ടെത്തുന്നതിനാണ് രാസപരിശോധന.  കോഴിക്കോട് മെഡിക്കൽ കോളജ് ഫോറൻസിക് ലാബിലാണ് പരിശോധന നടക്കുന്നത്. ഫോറൻസിക് വിഭാഗം മേധാവി ഡോ.ലിസ ജോണിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് തിങ്കളാഴ്ച പൊലീസിന് സമർപ്പിച്ചേക്കും. 

റിഫയെ ഭർത്താവ് മെഹ്നാസ് ശാരീരികമായി ഉപദ്രവിച്ചിരുന്നു എന്നാണ് മാതാപിതാക്കളുടെ പരാതി. മെഹനാസിന്റെ പീഡനമാണ് മരണത്തിന് കാണമെന്നും കുടുംബം ആരോപിക്കുന്നു. ദുബായിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ റിഫയുടെ പോസ്റ്റ്മോർട്ടം നടത്താതെയാണ് മൃതദേഹം നാട്ടിൽ എത്തിച്ച് ഖബറിടക്കിയത്. ദുരൂഹതകൾക്ക് ഉത്തരം തേടി റിഫയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു. താമരശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. റിഫയുടെ മാതാപിതാക്കളുടെ പരാതിയിൽ മെഹനാസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരുന്നു.