ജീവനക്കാരിയോട് മോശം പെരുമാറ്റം: ജി.വി രാജ സ്കൂൾ പ്രിൻസിപ്പലിന്റെ സസ്പെൻഷൻ നീട്ടി

ജീവനക്കാരിയായ ഉത്തരേന്ത്യൻ യുവതിയോട് അപമര്യാദയായി പെരുമാറിയ ജി.വി രാജ സ്പോർട്സ് സ്കൂൾ പ്രിൻസിപ്പൽ സിഎസ് പ്രദീപിന്റെ സസ്പെൻഷൻ നീട്ടി. സസ്പെൻഷൻ കാലാവധിയിലും പല ദിവസങ്ങളിലും സ്കൂളിൽ എത്തുന്നതിൽ ആശങ്ക രേഖപ്പെടുത്തി പെൺകുട്ടിയുടെ അമ്മ മന്ത്രി വി ശിവൻകുട്ടിക്ക് കത്തയച്ചതോടെയാണ് നടപടി നീട്ടിയത്. ജോലിസ്ഥലത്ത് മകളുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും മകളെ ജോലിയിൽ നിന്ന് പുറത്താക്കാൻ ശ്രമം നടക്കുന്നതുമായാണ്  ഡൽഹി സ്വദേശിനിയായ യുവതിയുടെ അമ്മ പരാതി നൽകിയത്. 

ഭക്ഷ്യവിഷബാധയുടെ പേരിൽ രണ്ടു വർഷം മുൻപ് സ്ഥലം മാറ്റപ്പെട്ട അതേ പ്രിൻസിപ്പലാണ് സഹപ്രവർത്തയോട് മോശമായി പെരുമാറിയെന്നതിന്റെ പേരിൽ ആറുമാസം മുൻപ് സസ്പെൻഷനിൽ ആയത്. ഡൽഹി സ്വദേശിനിയായ യുവതിയോട് അപമര്യാദയായി പെരുമാറിയതിൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്താതെ ഉരുണ്ടുകളിക്കുന്നതിനിടെയാണ് വിദ്യാഭ്യാസ വകുപ്പ് സസ്പെൻഷൻ നീട്ടിയത്. അതിനിടെ പെൺകുട്ടിയെ മാനസികമായി പീഡിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായാണ് അമ്മ പരാതി നൽകയിരിക്കുന്നത്. 

ഖേലോ ഇന്ത്യ പ്രൊജക്റ്റിന്റെ ഭാഗമായി ഒരു വർഷം മുൻപ് നിയമിതയായ പെൺകുട്ടിക്ക് മൂന്നു വർഷം കൂടി കരാർ നീട്ടി നൽകാൻ കഴിയുമെങ്കിലും അതു തടയാനുള്ള നീക്കം നടക്കുന്നതായും ആക്ഷേപമുണ്ട്. പ്രിൻസിപ്പലിനെതിരെ പരാതി നൽകിയതിലുള്ള പകപോക്കലാണിതെന്നാണ് ആരോപണം. ഈ നീക്കത്തിനെതിരെ കായികവകുപ്പുമന്ത്രിക്കും പെൺകുട്ടി പരാതി നൽകിയിട്ടുണ്ട്.

പ്രിൻസിപ്പൽ മെസേജുകളിലൂടെയും ഫോണിലൂടെയും ദുരുദേശ്യത്തോടെ തന്നെ നിരന്തരം ശല്യപ്പെടുത്തുന്നതായി വിദ്യാഭ്യാസ, കായിക വകുപ്പുകളിൽ നവംബറിലാണു പെൺകുട്ടി പരാതിയിൽ നൽകിയത്. ഫോൺ രേഖകളും ഹാജരാക്കി. അതിനിടെ  സസ്പെൻഷൻ കാലാവധിയിലും പ്രദീപ് ഇടയ്ക്കിടെ സ്കൂളിലെത്തുന്നതായും ഔദ്യോഗിക രേഖകൾ കൈകാര്യം ചെയ്യുന്നതായും പരാതി ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് സസ്പെൻഷൻ നീട്ടിയത്.