കമറുദീന്റെയും പൂക്കോയ തങ്ങളുടെയും വീടുകളിൽ ക്രൈംബ്രാഞ്ച് റെയ്ഡ്

ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ് പ്രതികളായ മഞ്ചേശ്വരം മുൻ എം.എൽ.എ. എം.സി.കമറുദീന്റെയും പൂക്കോയ തങ്ങളുടെയും വീടുകളിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി ജ്വല്ലറി ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്തുന്നതിനായാണ് പരിശോധന നടത്തിയത്. അതിനിടെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് തനിക്കെതിരെയുള്ള വേട്ടയാടലെന്ന് കമറുദീൻ ആവർത്തിച്ചു. 

കമറുദീന്റെ പടന്ന എടച്ചാക്കൈയിലെ വീട്ടിലും പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീട്ടിലുമായി എട്ടിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. പരിശോധന നാലര മണിക്കൂർ നീണ്ടുനിന്നു. ക്രൈംബ്രാഞ്ചിന്റെ കണ്ണൂർ യൂണിറ്റ് SPയുടെ നിർദേശപ്രകാരമായിരുന്നു വിവിധയിടങ്ങളിലെ പരിശോധന. 

രാഷ്ട്രീയ വേട്ടയാടലിന്റെ  ഭാഗമാണ് പരിശോധനയെന്ന് കമറുദീൻ ആരോപിച്ചു. പൂക്കോയ തങ്ങളുടെ മകൻ ഉൾപ്പെടെയുള്ള പ്രതികൾ ഇപ്പോഴും ഒളിവിലാണ്. എന്നാൽ അന്വേഷണസംഘത്തിന് തന്നെ മാത്രം മതി: 

ഫാഷൻ ഗോൾഡ് ജ്വല്ലറി ശാഖകളുടെ ചെയർമാനായിരുന്നു കമറുദീൻ, ജ്വല്ലറിയുടെ എം.ഡിയായിരുന്നു പൂക്കോയ തങ്ങൾ. നിക്ഷേപകരെ വഞ്ചിച്ചെന്ന കേസിൽ പ്രതിയായ കമറുദീൻ മൂന്നുമാസത്തോളം ജയിലിലായിരുന്നു. മാസങ്ങളോളം ഒളിവിൽ കഴിഞ്ഞ പൂക്കോയ കോടതിയിൽ കീഴടങ്ങുകയും ചെയ്തു. നിലവിൽ ഇരുവരും ജാമ്യത്തിലാണ്.