പിന്‍ഭാഗം ഉയര്‍ത്തി ടിപ്പര്‍; തുരങ്കത്തിൽ ലക്ഷങ്ങളുടെ നഷ്ടം; തേടി പൊലീസ്

kuthiran-tunnel-cctv-2101
SHARE

തൃശൂര്‍ കുതിരാനിലെ ഒന്നാം തുരങ്കത്തില്‍ പിന്‍ഭാഗം ഉയര്‍ത്തി ഓടിച്ച ടിപ്പര്‍ ലോറി, തുരങ്കത്തിനുള്ളിലെ ലൈറ്റുകളും കാമറകളും തകര്‍ത്തു. നിര്‍ത്താതെ പോയ ലോറിയെ തിരിച്ചറിയാന്‍ അന്വേഷണം തുടരുന്നു. പത്തു ലക്ഷം രൂപയുടേതാണ് നാശനഷ്ടം.  ഇന്നലെ രാത്രി എട്ടേമുക്കാലിനായിരുന്നു സംഭവം. കുതിരാനിലെ ഒന്നാം തുരങ്കത്തിലെ നൂറ്റിനാല് ലൈറ്റുകള്‍ ടിപ്പര്‍ ലോറി തകര്‍ത്തു. ഇതിനു പുറമെ കാമറകളും. തൊണ്ണൂറു മീറ്റര്‍ ദൂരത്താണ് നാശനഷ്ടം. തുരങ്കത്തിലേയ്ക്ക് കയറുന്നതിന് മുമ്പേതന്നെ ലോറിയുടെ പിന്‍ഭാഗം ഉയര്‍ന്നിരുന്നു. ഇതു ലൈറ്റുകളിലും കാമറകളിലും ഉരസി. അങ്ങനെയാണ്, നാശനഷ്ടം സംഭവിച്ചത്. 

മറ്റു വാഹനങ്ങളിലേക്ക് ലൈറ്റുകള്‍ വീഴാതിരുന്നതിനാല്‍ കൂടുതല്‍ അപകടമുണ്ടായില്ല. 104 ലൈറ്റുകള്‍ക്കു പുറമെ, ഈ ഭാഗത്തെ കാമറകളും നശിച്ചു. തൊണ്ണൂറു മീറ്റര്‍ ദൂരത്തോളം വെളിച്ച സംവിധാനം തകരാറിലായി. തുരങ്കത്തിന്റെ ഒരുഭാഗത്ത് വെളിച്ചമുള്ളതിനാല്‍ യാത്രാതടസമുണ്ടാകില്ല. തകര്‍ന്ന ലൈറ്റുകള്‍ ഓര്‍ഡര്‍ ചെയ്തു വരുത്താന്‍ കാലതാമസമെടുക്കുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. നാശനഷ്ടമുണ്ടാക്കിയ ലോറിയുടെ ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ലോറിയുടെ നമ്പര്‍ തിരിച്ചറിയാന്‍ ശ്രമം തുടരുകയാണ്. തുരങ്കം തുറന്ന ശേഷമുള്ള ആദ്യത്തെ അപകടമാണിത്. തുരങ്കത്തിനുള്ളില്‍ ഒരുഭാഗത്ത് വെളിച്ചം പോയപ്പോഴാണ് കണ്‍ട്രോള്‍റൂമിലെ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നത്. നേരിട്ട് പരിശോധിച്ചപ്പോഴാണ്, കാര്യങ്ങള്‍ വ്യക്തമായത്. ലൈറ്റുകള്‍ തകര്‍ന്ന ഭാഗത്ത് ഗതാഗതം നിയന്ത്രിച്ചാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. പീച്ചി പൊലീസിനാണ് അന്വേഷണ ചുമതല. 

MORE IN BREAKING NEWS
SHOW MORE