ബസ് നിരക്കു വര്‍ധന ഫെബ്രു. ഒന്നു മുതല്‍; മിനിമം ചാർജ് പത്തുരൂപയാക്കും

bus-strike
SHARE

സംസ്ഥാനത്ത് ബസ് ചാർജ് വർധന ഫെബ്രുവരി ഒന്നുമുതൽ നടപ്പാക്കാൻ ആലോചന. മിനിമം ചാർജ് പത്തുരൂപയാക്കും. ബി.പി.എൽ വിദ്യാർഥികൾക്ക് സൌജന്യയാത്ര ഉറപ്പാക്കി വിദ്യാർഥികൾക്കുള്ള കൺസഷൻ അഞ്ചു രൂപയായി ഉയർത്തും. 

  

ബസ്ചാർജ് വർധനയുമായി ബന്ധപ്പെട്ട് ഗതാഗതവകുപ്പ് നൽകിയ ശുപാർശകൾക്ക് മുഖ്യമന്ത്രിയുടെ പച്ചക്കൊടി ലഭിച്ചെന്നാണ് വിവരം. ഇതോടെ അടുത്തമാസം ഒന്നു മുതൽ ചാർജ് വർധന നടപ്പാക്കാനാണ് നീക്കം. ബസുടമുകളുമായി ഒരിക്കൽ കൂടി ഗതാഗതമന്ത്രി ചർച്ച നടത്തി തീരുമാനം പ്രഖ്യാപിക്കും. 2.5 കിമി ദൂരത്തിനുള്ള മിനിമം ചാർജ് 8 രൂപയിൽ നിന്നും 10 രൂപയാക്കി ഉയർത്താനാണ് നീക്കം. കിലോമീറ്ററിന് 80 പൈസ എന്നത് ഒരു രൂപയാക്കും. ഈ നിരക്കിന് ആനുപാതികമായാണ് തുടർന്നുള്ള വർധന. മിനിമം ചാർജ് 12 രൂപയാക്കണമെന്ന് ആവശ്യപ്പെടുന്ന സ്വകാര്യബസുടമകളുടെ ആവശ്യം സർക്കാർ അംഗീകരിക്കില്ല. പകരം രാത്രിയാത്രയ്ക്ക് പ്രത്യേക നിരക്ക് വരും. രാത്രി എട്ടിനും പുലർച്ചെ അഞ്ചിനുമിടയിലുള്ള ഓർഡിനറി സർവീസുകളിൽ 50 ശതമാനം അധികചാർജ് ഈടാക്കും. ബിപിഎൽ കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ബസ് യാത്ര പൂർണമായി സൌജന്യമാക്കാനാണ് തീരുമാനം. 

മഞ്ഞ റേഷൻ കാർഡുള്ളവർക്കാണ് സൌജന്യയാത്ര. വിദ്യാർഥികൾക്കുള്ള മിനിമം ചാർജ് അഞ്ച് രൂപയാക്കും. നിലവിൽ ഒന്നര കിലോമീറ്ററിന് ഒരു രൂപയും 5 കിലോമീറ്ററിന് രണ്ടു രൂപയുമാണ് കൺസഷൻ. വിദ്യാർഥികളുമായി വീണ്ടും ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് ഗതാഗതവകുപ്പ്. ബസ്ചാർജ് വർധന മകരവിളക്കിന് ശേഷമെന്ന ഗതാഗതമന്ത്രിയുടെ ഉറപ്പിലാണ് സ്വകാര്യബസുടമകൾ സമരം നീട്ടിവച്ചിരിക്കുന്നത്. 

MORE IN BREAKING NEWS
SHOW MORE