പുതിയ ആരാധനക്രമത്തിലേക്ക് കടന്ന് സിറോ മലബാര്‍ സഭ; ഭിന്നത ബാക്കി

New-Kurbana-04
SHARE

സിറോ മലബാർ സഭയിൽ ഏകീകൃത ബലിയർപ്പണ രീതി നിലവിൽ വന്നു. സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഏകീകൃത രീതിയനുസരിച്ച് കുർബാനയർപ്പിച്ചു. പ്രതിഷേധങ്ങൾക്കിടെ തൃശ്ശൂർ അതിരൂപതയിലും ഏകീകൃത രീതിയിലുള്ള ബലിയർപ്പണം നിലവിൽവന്നു. അതേസമയം എറണാകുളം അങ്കമാലി അതിരൂപതയിലും ഇരിങ്ങാലക്കുട, ഫരീദാബാദ് രൂപതകളിലും ജനാഭിമുഖ കുർബാന തുടരും.    

വർഷങ്ങൾ നീണ്ട ഭിന്നതകൾക്കും ചർച്ചകൾക്കും ഒടുവിലാണ് സിറോ മലബാർ സഭയിൽ ഏകീകൃത ബലിയർപ്പണ രീതി നിലവിൽ വന്നത്. സഭയിൽ നിലവിലുണ്ടായിരുന്ന രണ്ട് ബലിയർപ്പണ രീതികളെ സംയോജിപ്പിച്ചാണ് ഏകീകൃത ബലിയർപ്പണ രീതി ആവിഷ്കരിച്ചിരിക്കുന്നത്. ഏകീകൃത രീതിയനുസരിച്ച് കുർബാനയുടെ തുടക്കം മുതൽ വിശ്വാസപ്രമാണം വരെയുള്ള ഭാഗം വൈദികൻ വചന വേദിയിൽ നിന്ന് ജനങ്ങളെ അഭിമുഖീകരിച്ച് അർപ്പിക്കും.  വിശ്വാസപ്രമാണത്തിനുശേഷം വിശുദ്ധ കുർബാന സ്വീകരണം വരെയുള്ള ഭാഗമാണ് പുരോഹിതൻ ബലിവേദിയിൽ നിന്ന് അൾത്താരയ്ക്ക് അഭിമുഖമായി അർപ്പിക്കുന്നത്. 

വിശുദ്ധ കുർബാന സ്വീകരണം കഴിഞ്ഞുള്ള സമാപന പ്രാർത്ഥനകൾ ജനാഭിമുഖമാണ്. കുർബാനയിൽ ചെല്ലുന്ന പ്രാർത്ഥനകളിലും കാലോചിതമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സിറോ മലബാർ സഭാ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടിൽ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഏകീകൃത രീതിയിൽ കുർബാനയർപ്പിച്ചു. സഭയിലെ ഐക്യത്തിന്റെ സന്ദേശമാണ് ഏകീകൃത ബലിയർപ്പണ രീതി മുന്നോട്ട് വെക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരിപൂർണ്ണ ഐക്യത്തിനുവേണ്ടി കാത്തിരിക്കണമെന്നും കർദിനാൾ ആഹ്വാനം ചെയ്തു. തൃശ്ശൂർ ലൂർദ് കത്തീഡ്രലിൽ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പുതിയ രീതിയിൽ ബലിയർപ്പിച്ചു

പ്രതിഷേധം കണക്കിലെടുത്ത് ലൂർദ് കത്തീഡ്രൽ പരിസരത്ത് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു. എറണാകുളം അങ്കമാലി അതിരൂപത യിലും ഇരിങ്ങാലക്കുട, ഫരീദാബാദ് രൂപതകളിലും ഏകീകൃത ബലിയർപ്പണ രീതിക്ക് പകരം നിലവിലുള്ള ജനാഭിമുഖ കുർബാനയാണ് അർപ്പിച്ചത്. 

MORE IN BREAKING NEWS
SHOW MORE